- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബംഗളൂരു നഗരത്തിൽ കാണാതായ ആറാംക്ലാസ് വിദ്യാർത്ഥിക്കായി വ്യാപക തിരച്ചിൽ
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിന്നും ഞായറാഴ്ച ഉച്ചയോടെ കാണാതായ ആറാംക്ലാസ് വിദ്യാർത്ഥിക്കായി വ്യാപക തിരച്ചിൽ. ബെംഗളൂരു വൈറ്റ്ഫീൽഡിൽനിന്ന് കാണാതായ പരിണവി(12)നെ കണ്ടെത്താനായാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. ട്യൂഷൻ സെന്ററിൽനിന്നും നേരത്തെ ഇറങ്ങിയെങ്കിലും കുട്ടി വീട്ടിലെത്തിയില്ല. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.
സുകേഷ്-നിവേദിത ദമ്പതിമാരുടെ മകനായ പരിണവിനെ ഞായറാഴ്ച ഉച്ചയോടെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ അച്ഛനാണ് കുട്ടിയെ വൈറ്റ് ഫീൽഡിലെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിട്ടത്. ഉച്ചയ്ക്ക് ശേഷം സുകേഷ് മകനെ കൂട്ടാനെത്തിയെങ്കിലും അതിന് മുൻപേ കുട്ടി ട്യൂഷൻ സെന്ററിൽനിന്ന് പോയിരുന്നു. ട്യൂഷൻ സെന്ററിൽനിന്നിറങ്ങിയ കുട്ടി ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. ഇതോടെയാണ് മാതാപിതാക്കൾ തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കാവേരി ആശുപത്രിക്കും കുണ്ടലഹള്ളി ഗേറ്റിനും ഇടയിലുള്ള സിസിടിവി ക്യാമറയിൽ കുട്ടിയുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് 3.04-ന് മാറത്തഹള്ളിയിൽനിന്ന് ബി.എം ടി.സി. ബസിൽ കയറിയതായും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. മാറത്തഹള്ളി മാർക്കറ്റിലാണ് ആറാംക്ലാസുകാരൻ ബസ്സിറങ്ങിയത്. ബസ് കണ്ടക്ടറെ ചോദ്യംചെയ്തപ്പോൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
കുട്ടിയുടെ കൈയിൽ പണം കുറവായിരുന്നതായും ടിക്കറ്റിന്റെ പണം താൻ നൽകാമെന്ന് പറഞ്ഞിട്ടും കുട്ടി ഇത് നിരസിച്ചതായും കണ്ടക്ടർ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ബസ്സിൽനിന്നിറങ്ങാൻ നിർബന്ധം പിടിച്ചതായും കണ്ടക്ടർ പൊലീസിനോട് പറഞ്ഞു. ബസ്സിൽനിന്നിറങ്ങിയശേഷം യാംലൂരിലെ പെട്രോൾ പമ്പിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് കുട്ടിയുടെ ദൃശ്യം അവസാനമായി പതിഞ്ഞത്. ഇതിനുശേഷം കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
കാണാതായ സമയത്ത് മഞ്ഞനിറത്തിലുള്ള ടീഷർട്ടും ഇരുണ്ടനിറത്തിലുള്ള പാന്റ്സുമായിരുന്നു പരിണവിന്റെ വേഷം. സ്കൂൾ ബാഗും തോളിലുണ്ടായിരുന്നു. സംഭവത്തിൽ വൈറ്റ് ഫീൽഡ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കുട്ടിയെ കണ്ടെത്താനായി സാമൂഹികമാധ്യമങ്ങളിലും വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്.