- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ
മുംബൈ: മഹാരാഷ്ട്രയിൽ കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കല്യാണിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. മഹാഷ്ട്രയിലെ ഖഡക്പാട സ്വദേശിയായ 13 വയസ്സുകാരിയുടെ മൃതദേഹമാണ് കല്യാണിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തിയത്. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിലാണ് മൃതദേഹം കണ്ടത്.
ആൺസുഹൃത്തായ 22-കാരൻ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ ജനുവരി 14-ന് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം 22 കാരൻ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ജനുവരി 13-നാണ് എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒൻപതുദിവസത്തിന് ശേഷം കുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
കല്യാണിലെ സിൻഡിക്കേറ്റിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലായിരുന്നു മൃതദേഹം. കെട്ടിടത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി രണ്ടുദിവസം മുൻപേ നാട്ടുകാർ പറഞ്ഞിരുന്നു. പട്ടിയോ പൂച്ചയോ ചത്തതായിരിക്കുമെന്നാണ് നാട്ടുകാർ ആദ്യംകരുതിയത്. തുടർന്ന് ശുചീകരണത്തൊഴിലാളിയോട് ഇവിടെ പരിശോധിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ആൾപാർപ്പില്ലാത്ത കെട്ടിടത്തിനുള്ളിൽ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൃതദേഹത്തിന് സമീപത്തുനിന്നും ഒരു ഹാൻഡ്ബാഗും രണ്ട് മൊബൈൽഫോണുകളും പൊലീസ് കണ്ടെടുത്തിരുന്നു. ഒരു മൊബൈൽഫോൺ പെൺകുട്ടിയുടേതാണെന്നും മറ്റൊന്ന് ജൽന സ്വദേശിയായ ആൺസുഹൃത്തിന്റേതാണെന്നും പരിശോധനയിൽ വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്നും ജനുവരി 14-ന് ഇയാൾ ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കിയതായും കണ്ടെത്തിയത്.
എന്നാൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആൺസുഹൃത്താണോ എന്നതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നാണ് പൊലീസിന്റെ പ്രതികരണം. ഇതിനായി ഫോൺവിളി രേഖകളും മേഖലയിലെ സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.