- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനാണ്(20) അറസ്റ്റിലായത്. ചീരാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അലീന ബെന്നിയാണ് ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ആദിത്യനെ നൂൽപ്പുഴ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം സുഹൃത്തുക്കളായിരുന്നു ആദിത്യനും അലീനയും.
ഇരുവരും തമ്മിൽ ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ചാറ്റ് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അലീനയുമായുള്ള സൗഹൃദം ആദിത്യൻ അവസാനിപ്പിച്ചതും മറ്റൊരു പെൺകുട്ടിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചതുമാണ് അലീനയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 20നാണ് വിദ്യാർത്ഥിനി ബന്ധുവീട്ടിൽ തൂങ്ങിമരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കുട്ടിയുടെ കുടുംബം ദൂരൂഹത ആരോപിച്ചിരുന്നു. കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുൾപ്പെടെ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായതും ആദിത്യന്റെ അറസ്റ്റിലേക്ക് നീണ്ടതും.
നൂൽപ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലിസ്ഥലത്തുനിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റാഗ്രാം ചാറ്റിലൂടെയാണ് ആദിത്യൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി ആദിത്യനു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായതായാണ് പൊലീസ് നൽകുന്ന സൂചന.
വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ പ്രചാരണം നടന്നിരുന്നു. വിദ്യാലയത്തിന്റെ വാർഷികാഘോഷത്തിനു കൂപ്പൺ വിറ്റിരുന്നു. അലീന വിറ്റതിന്റെ ബാക്കി കൂപ്പൺ സകൂൾ അദ്ധ്യാപികയെ ഏൽപ്പിച്ചില്ലെന്ന് അദ്ധ്യാപക പറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടി എന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്.