- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാസർകോട് പള്ളം റെയിൽവെ ട്രാക്കിൽ കണ്ട മൃതദേഹങ്ങൾ മോഷ്ടാക്കളുടേത്
കാസർകോട്: കാസർകോട് പള്ളം റെയിൽവേ ട്രാക്കിന് സമീപം ട്രെയിനിടിച്ച് മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. മോഷ്ടാക്കളായ രണ്ട് പേരാണ് മരിച്ചതെന്ന് വ്യക്തമായി. മോഷ്ടിച്ച ഫോണുകൾ റെയിൽവെ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ വന്ന ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെയായതിനാൽ ട്രെയിൻ വരുന്നത് യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നാണ് പൊലീസ് നിഗമനം.
കാസർകോട് നെല്ലിക്കട്ട സ്വദേശികളായ മുഹമ്മദ് സഹീർ, നിഹാൽ എന്നിവരാണ് മരിച്ചത്. കാസർകോട് പള്ളത്ത് ഇന്ന് പുലർച്ചെ 5.20 നാണ് സംഭവം. ഗുഡ്സ് ട്രെയിനിടിച്ചാണ് രണ്ട് പേരും മരിച്ചത്. മരിച്ച യുവാക്കളെ ആദ്യം തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
നെല്ലിക്കട്ട നെക്രാജെ സ്വദേശികളാണ് മരിച്ച രണ്ട് പേരും. സഹീറിന് 19 വയസും നിഹാലിന് 21 വയസുമായിരുന്നു പ്രായം. ഇരുവരും നേരത്തെ നിരവധി മോഷണ കേസുകളിൽ പ്രതികളായിരുന്നുവെന്ന് സിഐ അജിത്കുമാർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ നാല് മൊബൈൽ ഫോണുകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതുവരെയുള്ള അന്വേഷണത്തിൽ മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു
മോഷണം പോയ രണ്ട് മൊബൈലുകൾ കണ്ടെത്തിയതോടെയാണ് സംശയം ഉയർന്നത്. മരിച്ച നിഹാലിന് വിദ്യാനഗർ അടക്കം നിരവധി പൊലീസ് സ്റ്റേഷനുകളിൽ മൊബൈൽ മോഷണ കേസുകൾ നിലവിലുണ്ട്. സ്ഥലത്തുനിന്ന് കണ്ടെത്തിയ ഒരു മൊബൈലിലേക്ക് ഒരു പെൺകുട്ടിയുടെ ഫോൺ വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിഹാലിനെയാണ് പെൺകുട്ടി വിളിച്ചതെന്ന് വ്യക്തമായി.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റി.കാസർകോട് കരിപ്പൊടിയിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ ഗണേശിന്റെയും ബാലകൃഷ്ണന്റെയും മൊബൈൽ ഫോണുകൾ തിങ്കളാഴ്ച രാത്രി മോഷണം പോയിരുന്നു. ചൊവ്വാഴ്ച പുലർച്ചേയാണ് ഈ വിവരം ഇരുവരും അറിയുന്നത്. ഇതേ തുടർന്ന് രാവിലെ തന്നെ ഇരുവരും ടൗൺ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചിരുന്നു.
പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് രണ്ടുപേർ ട്രെയിനിടിച്ച് മരിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ടു മൊബൈലുകൾ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് ഗണേശിന്റെയും ബാലകൃഷ്ണന്റെയും മോഷണം പോയ മൊബൈലുകളാണെന്ന് വ്യക്തമായത്