- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പതിനേഴുകാരിയെ തലയ്ക്കടിച്ച് കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ
മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ച് ഒളിച്ചോടിയ പതിനേഴുകാരിയെ മാതാപിതാക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിനിയായ അങ്കിത പവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളായ രാമറാവു പവാർ, പഞ്ചഫുലഭായ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് അങ്കിതയെ തലയ്ക്ക് പരിക്കേറ്റനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കും മുൻപേ പെൺകുട്ടി മരിച്ചിരുന്നു. ഡോക്ടർമാർ തിരക്കിയപ്പോൾ പെൺകുട്ടി സ്വയം മുറിവേൽപ്പിച്ചതാണെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി.
പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇതോടെ പൊലീസ് സംഘം മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു. സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനെ പ്രണയിച്ചതും മാതാപിതാക്കൾ ആവശ്യപ്പെട്ടയാളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
സംഭവസമയം പെൺകുട്ടിയും മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതിമാരുടെ നാല് പെൺമക്കളിൽ ഇളയകുട്ടിയാണ് കൊല്ലപ്പെട്ട അങ്കിത. മൂത്ത മൂന്നുമക്കളും വിവാഹിതരാണ്. എന്നാൽ, അങ്കിതയും ഇതരജാതിക്കാരനായ യുവാവും തമ്മിൽ അടുപ്പത്തിലായത് മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.
ഇതിനിടെ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുകയും ചെയ്തു. തുടർന്ന് പൊലീസാണ് പെൺകുട്ടിയെ കണ്ടെത്തി തിരികെ എത്തിച്ചത്. ഈ സംഭവത്തിൽ കാമുകനെതിരേ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, എതിർത്തിട്ടും മകൾ കാമുകനുമായി ബന്ധം തുടർന്നത് മാതാപിതാക്കളെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.