- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓളിനോട്ടത്തിൽ കുടുങ്ങി മാഞ്ചസ്റ്ററിലെ 74കാരൻ
ലണ്ടൻ: ഓട്ടക്കണ്ണിട്ട് നോക്കുന്ന കാക്കയോട് പോലും അങ്ങേ വീട്ടിലെ വർത്തമാനം തിരക്കുന്ന കുതൂഹലത ഏറെയുള്ള മലയാളികൾക്ക് ഒരുപക്ഷെ അതിശയം തോന്നാം ഈ വാർത്ത വായിക്കുമ്പോൾ. ഒരു വീട്ടിലേക്ക് ഒളിഞ്ഞു നോക്കിയതിന് കിട്ടിയ ശിക്ഷ റെജിസ്റ്റേർഡ് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റിൽ പേര് ചേർക്കപ്പെടുക എന്നതായിരുന്നു. അത് ഒരു ചെറിയ കാര്യമൊന്നുമല്ല, ഏഴ് വർഷത്തോളം റെജിസ്റ്ററിൽ കൃത്യമായി ഒപ്പിടേണ്ടതാണ്. അത് മാത്രമല്ല, നിലവിൽ താമസിക്കുന്നിടത്തു നിന്ന് മാറിത്താമസിക്കാനും ഉത്തരവായി.
കോളിൻ റോബർട്ട്സ് എന്ന 74 കാരനാണ് ഈ ഹതഭാഗ്യൻ. വയസ്സുകാലത്ത് അൽപം നയനാനന്ദകരമായ കാഴ്ച്ചകൾ കാണാമെന്ന് പാവം ആഗ്രഹിച്ചുപോയി. തന്റെ രാത്രികാല നടത്തത്തിനിടയിൽ അടുത്ത ഒരു വീട്ടിലെ ജനലിലൂടെ ഒളിഞ്ഞു നോക്കുന്നത് ഒരു ശീലമാക്കി. സ്വവർഗ്ഗ ദമ്പതികളായ രണ്ട് സ്ത്രീകൾ താമസിക്കുന്ന വീടാണത്. നിർഭാഗ്യവശാൽ, അതിലൊരു സ്ത്രീ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഏറെക്കാലമായി തുടരുന്ന ഈ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യം പുറത്തായത്.
ഒരു മാസത്തിനിടയിൽ കുറഞ്ഞത് എട്ടു തവണയെങ്കിലും ഇയാൾ വീടിന്റെ ജനലിലൂടെ ഒളിഞ്ഞു നോക്കുന്ന ദൃശ്യങ്ങൾ ലഭ്യമാണെന്ന് അതിൽ ഒരു സ്ത്രീ പറഞ്ഞു. തുടർന്ന് സ്ത്രീ ദമ്പതികൾ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഈ 74 കാരനെ ചോദ്യം ചെയ്തപ്പോൾ അയാൾ അക്കാര്യം സമ്മതിച്ചു. രാത്രിയിൽ താൻ നടക്കാൻ ഇറങ്ങുമ്പോഴാണ് ആ വീട്ടിലേക്ക് ഒളിഞ്ഞു നോക്കാറുള്ളതെന്ന് അയാൾ പൊലീസിനോട് പറഞ്ഞു.
അടിവസ്ത്രം പോലും ധരിക്കാതെ പൂർണ്ണ നഗ്നരായി ഇരുന്ന് ആ സമയത്ത് അവർ ടെലിവിഷൻ കാണുകയായിരിക്കുമെന്നും, താൻ ഒരു യുവതിയെ നഗ്നയായി കണ്ടിട്ട് ഏറെക്കാലമായെന്നും, അതുകൊണ്ട് ആ കാഴ്ച്ച താൻ ആസ്വദിക്കുമായിരുന്നു എന്നും അയാൾ പറഞ്ഞു. ഈ പരിപാടി സ്ഥിരമായപ്പോൾ ഒരുനാൾ ഇരകളിൽ ഒരാൾക്ക് ആരോ ജനലിനരികിൽ നിന്നും നോക്കുന്നതായി സംശയം തോന്നി. അതായിരുന്നുസി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ ഇടയാക്കിയത്.ം
ഇയാൾ വഴിയിലൂടെ നടന്നു വരുന്നതും, ഇരുപുറവും സാകൂതം നോക്കുന്നതും പിന്നീട് വീടിന്റെ മുൻ വാതിൽ ലക്ഷ്യമാക്കി നടക്കുന്നതും കാണാം. അടുത്തുള്ള ജനലിലൂടെ ഏതാനുംമിനിറ്റ് ഒളിഞ്ഞു നോക്കിയതിനു ശേഷം ഇയാൾ തിരികെ പോകുന്നതും ദൃശ്യത്തിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്.
പൊലീസിനോട് കുറ്റം സമ്മതിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി. ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം മജിസ്ട്രേറ്റ് കോടതിയാണ് ഇയാളുടെ പേർ ലൈംഗിക കുറ്റവാളികളുടെ റെജിസ്റ്ററിൽ ചേർക്കാൻ ഉത്തരവിട്ടത്. മാത്രമല്ല, ഇപ്പോൾ താമസിക്കുന്നിടത്തുനിന്നും മാറി താമസിക്കുകയും വേണം.