- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചുനീക്കിയതിനു പിന്നാലെ സംഘർഷം; 4 പേർ കൊല്ലപ്പെട്ടു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ചുനീക്കിയതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ആക്രമങ്ങളിൽ ഇരുനൂറ്റിയമ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബൻഭൂൽപുരയിൽ 'അനധികൃതമായി നിർമ്മിച്ച' മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പൊലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘർഷത്തിനിടെയാണ് നാലു പേർ മരിച്ചതെന്നാണ് സൂചന. 250 പേർക്കു പരുക്കേറ്റതായാണ് വിവരം. ഇതിൽ നൂറോളം പേർ പൊലീസുകാരാണ്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സംഘർഷം കണക്കിലെടുത്തു സ്കൂളുകൾ വെള്ളിയാഴ്ച അടച്ചിടും. ആക്രമികളെ വെടിവയ്ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദ്ദേശം നൽകി. പ്രദേശത്തു നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ഇന്റർനെറ്റ് അടക്കം നിരോധിച്ചിട്ടുണ്ട്.
ഹൽദ്വാനിയിലെ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷനു സമീപം അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ചുനീക്കിയത്. ഇതിനു പിന്നാലെ മദ്രസയ്ക്കു സമീപം താമസിക്കുന്നവർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. വൻ ജനക്കൂട്ടമാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ഇതോടെ അവിടെയെത്തിയ പ്രാദേശിക ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പൊലീസ് സ്റ്റേഷനുള്ളിൽ കുടുങ്ങി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
അർധസൈനിക വിഭാഗത്തെ പ്രദേശത്ത് സുരക്ഷയ്ക്കായി നിയോഗിച്ചതിനു പിന്നാലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം. വിഡിയോ റെക്കോർഡിങ് ഉൾപ്പെടെയുള്ള തെളിവുകളിലൂടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കലാപത്തിന് ഉത്തരവാദികളായവർ ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കലാപകാരികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചു എന്നാരോപിച്ചാണ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ മദ്രസ കെട്ടിടം തകർക്കുകയായിരുന്നു. തുടർന്നാണ് ഹൽദ്വാനിയിൽ സംഘർഷമുണ്ടായത്. കൈയേറിയ മൂന്ന് ഏക്കർ തിരിച്ചുപിടിച്ചിരുന്നതായും സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മദ്രസയ്ക്കെതിരെ നേരത്തെ നോട്ടീസ് നൽകി മദ്രസ കെട്ടിടം പൂട്ടി സീൽ ചെയ്തിരുന്നതായും മുനിസിപ്പൽ കമീഷണർ പങ്കജ് ഉപാധ്യായ് പറഞ്ഞു. ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൊളിച്ച മദ്രസയ്ക്കെതിരെ ഹൈക്കോടതി അന്തിമ വിധി നൽകിയിട്ടില്ലെന്ന് പ്രദേശത്തെ കൗൺസിലറും വാദമുയർത്തി. ബൻഭൂൽപുര പൊലീസ് സ്റ്റേഷന് പുറത്ത് നടന്ന അക്രമത്തിൽ ചിലർ വെടിയുതിർത്തതായി നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റ് വന്ദന പറഞ്ഞു. മറുപടിയായി പൊലീസ് ആകാശത്തേക്ക് വെടിവച്ചു. വെടിയേറ്റ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. പൊലീസ് വെടിവയ്പിലാണോ, അതോ അവരിലെ ആളുകളുടെ വെടിവെപ്പിൽ ആണോ അവർ മരിച്ചത് എന്നറിയാൻ കാത്തിരിക്കണമെന്നും അവർ പറഞ്ഞു.
കലാപകാരികൾ ബൻഭൂൽപുര പൊലീസ് സ്റ്റേഷന് കത്തിക്കാൻ ശ്രമിച്ചു. ആ സമയത്ത്, പൊലീസുകാർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, പൊലീസ് സേന അവരെ നിയന്ത്രിച്ചു. സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. അക്രമം ബൻഭൂൽപുരയ്ക്ക് സമീപമുള്ള ഗാന്ധി നഗർ പ്രദേശത്തേക്ക് വ്യാപിച്ചതായും അവർ പറഞ്ഞു. അതേസമയം, അക്രമം നടന്ന പ്രദേശം സംസ്ഥാന ചീഫ് സെക്രട്ടറി ഇന്ന് സന്ദർശിക്കും. ജനക്കൂട്ടം ഇന്നലെ പൊലീസ് സ്റ്റേഷൻ വളഞ്ഞതായി ഡിജിപി അഭിനവ് കുമാർ പറഞ്ഞു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. അക്രമത്തിലെ മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നാണ് ഡിജിപി അറിയിച്ചത്. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.