- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡേകെയറിലെ അശ്രദ്ധ, രണ്ടുവയസ്സുകാരൻ ഒറ്റയ്ക്ക് വീട്ടിലെത്തി
തിരുവനന്തപുരം: കാക്കമൂലയിലെ സ്വകാര്യ സ്കൂളിന്റെ ഭാഗമായ ഡേ കെയറിലെ അധികൃതരുടെ അശ്രദ്ധക്കും അനാസ്ഥയ്ക്കുമെതിരെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. ഡേ കെയറിലെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ട് വയസുകാരൻ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തിയ സംഭവത്തിലാണ് കേസെടുത്തത്.
നേമം കല്ലിയൂർ കാക്കമൂലയിൽ താമസിക്കുന്ന അർച്ചനയുടെ മകൻ അങ്കിത് സുധീഷാണ് കാക്കമൂലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിൽനിന്ന് തിങ്കളാഴ്ച വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് ഞെട്ടിയെങ്കിലും മകൻ സുരക്ഷിതമായി വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കൾ. അതേ സമയം ഡേ കെയർ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകുകയായിരുന്നു.
കരഞ്ഞും ഭീതിയോടെ ഓടിയും അങ്കിത് പോകുന്ന ദൃശ്യങ്ങൾ റോഡരികിലെ സി.സി.ടി.വിയിൽ നിന്ന് വീട്ടുകാർക്ക് കിട്ടിയിരുന്നു. ഇതിൽ ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി കടന്നുപോയതായിട്ടാണ് കണ്ടത്. പിന്നീട് അങ്കിത് വീട്ടിലെത്തുന്നത് രണ്ട് മണി കഴിഞ്ഞിട്ടും.
സ്കൂളിൽ മൂന്ന് ടീച്ചർമാരും ഒരു ആയയുമാണ് ഉണ്ടാകാറുള്ളത്. സംഭവസമയത്ത് മൂന്ന് ടീച്ചർമാരും സ്കൂളിന് പുറത്തുപോയിരുന്നതായാണ് പറയുന്നത്. അങ്കിത്ത് വീട്ടിലെത്തിയശേഷം വീട്ടുകാർ സ്കൂളിൽ വിവരം അറിയിച്ചപ്പോഴാണ് കുട്ടി പോയ കാര്യം സ്കൂളധികൃതർ അറിയുന്നത്.
ജീവനക്കാരുടെ എണ്ണം കുറവാണെങ്കിലും കൊച്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളിൽ ഗേറ്റ് പൂട്ടി സുരക്ഷിതമാക്കാത്തതിൽ പരാതി ഉയർന്നിട്ടുണ്ട്. അമ്മ അർച്ചനയുടെ പരാതിയെ തുടർന്ന് നേമം പൊലീസ് കേസെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പുറത്തിറക്കിയപ്പോൾ സംഭവിച്ചതാണെന്നും ആ സമയത്ത് കുട്ടികളെ നോക്കാൻ സ്കൂളിൽ ഒരു ജീവനക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സകുറ്റകാർക്കെതിരെ നടപടിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.