- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'മാനഹാനി ഭയന്ന് ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്നു', യുവതി അറസ്റ്റിൽ
മലപ്പുറം: മൂന്നുദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിൻചുവട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂർ തഹസിൽദാർ, താനൂർ ഡിവൈ.എസ്പി. വി.വി. ബെന്നി, ഫൊറൻസിക് വിദഗ്ദ്ധർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം. ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നു അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നൽകി.
മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തു. ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടത്തിയത്.
പുറത്തെടുത്ത മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജന്മം നൽകിയ കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിനടുത്തുള്ള പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഫെബ്രുവരി 26-നാണ് താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജുമൈലത്തിന്റെ നാലാമത്തെ കുട്ടിയായിരുന്നു ഇത്. പ്രസവത്തിന് ശേഷം യുവതി സ്വന്തം വീട്ടിൽ തിരികെയെത്തി. തുടർന്ന് കഴിഞ്ഞദിവസമാണ് മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പൊലീസ് നൽകുന്നവിവരം.
യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജുമൈലത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.
പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഇവർ മൂന്ന് മക്കൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താൻ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത പൊലീസിന് മൊഴി നൽകിയത്.