വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവരുമ്പോൾ ചർച്ചയാകുന്നതുകൊലപാതക സാധ്യത. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച കാര്യം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികളുടെ മൊഴി പുറത്തു വരുന്നുണ്ട്. എന്നിട്ടും കൊലപാതക ശ്രമം പോലും പൊലീസ് കുറ്റമായി ചുമത്തുന്നില്ല. സർവകലാശാലയിൽ ഇത്തരം മൃഗീയ വിചാരണകൾ മുൻപും ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രതികൾ മൂന്ന് മണിക്കൂർ തുടർച്ചയായി സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിട്ടും ഒരു വിദ്യാർത്ഥി പോലും പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. അതിനിടെ സിബിഐ അന്വേഷണമെന്ന ആവശ്യം സിദ്ധാർത്ഥിന്റെ ബന്ധുക്കൾ മുമ്പോട്ട് വയ്ക്കും. ആവശ്യമെങ്കിൽ കോടതിയേയും സമീപിക്കും.

ഹോസ്റ്റലിലെ അടി അവിടെ തീരണമെന്ന് തിട്ടൂരം പൂക്കോട് ഉണ്ടായിരുന്നു. കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കുണ്ടാകുമ്പോഴും ഒന്നും പുറത്തുപോകരുതെന്നാണത്രേ അലിഖിത നിയമം. സിദ്ധാർത്ഥിന്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതുതന്നെയായിരുന്നു. ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് വിദ്യാർത്ഥികൾ കണ്ടു നിൽക്കെയായിരുന്നു ക്രൂരമർദ്ദനം. അതുകഴിഞ്ഞ് പ്രതികളിലൊരാളായ സിൻജോ ജോൺസൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്നായിരുന്നു ഭീഷണി. ഇതോടെ സിദ്ധാർത്ഥ് ശാരീരികമായും മാനസികമായും തളർന്നിരുന്നു. പിന്നാലെയാണ് മരണം. അപ്പോഴും സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യുമെന്ന് വീട്ടുകാർ പ്രതീക്ഷിക്കുന്നില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തിന് ഇരയായെന്ന് തെളിഞ്ഞത്. സിദ്ധാർത്ഥിന്റെ ശരീരത്തിലാകെ മർദ്ദനമേറ്റ പാടുകളുണ്ട്. മരണത്തിന്റെ രണ്ടോ മൂന്നോ ദിവസം മുൻപുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ട്. അതേസമയം തൂങ്ങിമരണമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പോഴും മകന്റേതുകൊലപാതകമാണെന്ന് അച്ഛനും അമ്മയും പറയുന്നു. അതിന് അവർ പറയുന്നത് ന്യായമായ കാരണങ്ങളാണ്. ആരെങ്കിലും കെട്ടിത്തൂക്കി കൊന്നതാണെങ്കിലും പോസ്റ്റ് മോർട്ടത്തിൽ ആത്മഹത്യാ സാധ്യതകൾ എത്തും. ഇതാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ ദിവസം രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരിൽ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ പലരും കീഴടങ്ങി. ഇതെല്ലാം തിരഞ്ഞെടുപ്പ് കാലമായതു കൊണ്ട് വിവാദം ഒഴിവാക്കാനുള്ള പാർട്ടി സ്‌പോൺസേർഡ് കീഴടങ്ങലെന്നാണ് സൂചന.

സുൽത്താൻ ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് എസ്, തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി, തൊടുപുഴ സ്വദേശി ഡോൺസ് ഡായി, തിരുവനന്തപുരം സ്വദേശി ബിനോയ്, തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ എന്നിവരാണ് അറസ്റ്റിലായത്.18 പേരാണ് കേസിലെ പ്രതികൾ. ഇതിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള 12 പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കെ അരുൺ, എൻ ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കെ അഖിൽ, ആർ എസ്. കാശിനാഥൻ, അമീൻ അക്‌ബർ അലി, സിൻജോ ജോൺസൺ, ജെ അജയ്, ഇ കെ. സൗദ് റിസാൽ, എ അൽത്താഫ്, വി ആദിത്യൻ, എം മുഹമ്മദ് ഡാനിഷ് എന്നിവരുടെ പേരിലാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. നാലുപേർ സിദ്ധാർത്ഥിന്റെ ക്ലാസിൽ പഠിക്കുന്നവരാണ്. 12 വിദ്യാർത്ഥികളെയും അന്വേഷണവിധേയമായി കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എസ്എഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി. മാനന്തവാടി സ്വദേശിയും യൂണിയൻ ചെയർമാനുമായ അരുൺ ആണ് കൽപ്പറ്റ ഡിവൈഎസ്‌പി ഓഫീസിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. ഇനി പത്ത് പേരെ കൂടി സംഭവത്തിൽ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

സസ്പെൻഡ് ചെയ്ത 12 പേരിൽ ഉൾപ്പെട്ട വ്യക്തി കൂടിയാണ് അരുൺ. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. വയനാട് എസ്‌പിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇന്ന് ഉച്ചയോടെ കേസിലെ മുഖ്യ പ്രതിയായ അഖിലിനെ പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് നിന്നാണ് അരുണിനെ പൊലീസ് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഉടനടി മറ്റു പ്രതികളെ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സിദ്ധാർഥിനെ കൊന്നതാണെന്നും ആത്മഹത്യചെയ്യില്ലെന്നും ഉറപ്പിക്കാൻ വിവിധ കാരണങ്ങളാണ് കുടുംബാംഗങ്ങൾ നിരത്തുന്നത്. ഒന്നാമത് അവൻ പഠനത്തിൽ പിന്നോട്ടല്ല. നന്നായി പഠിക്കുന്നവൻ. ഇഷ്ടപ്പെട്ട കോഴ്‌സായതിനാലാണ് ബി.വി എസ്.സി. പഠിക്കാൻ ചേർന്നത്.രണ്ടാമതായി സാമ്പത്തികപ്രശ്നങ്ങളില്ലെന്നും കുടുംബം പറയുന്നു. ജീവിതത്തിൽ മുന്നേറാൻ പല പദ്ധതികളും കൊണ്ടുനടക്കുന്നവൻ. വേഗം ജോലി തേടാൻ ഒരിക്കലും തന്നോടു പറയരുതെന്ന് സിദ്ധാർഥ് പറയുമായിരുന്നു. കാരണം, പി.ജി.യും പിഎച്ച്.ഡി.യും നേടി തുടർപഠനത്തിന് ആഗ്രഹിക്കുകയായിരുന്നു. സാമ്പത്തികമായി പ്രശ്നങ്ങളില്ലാത്തതിനാൽ അവന്റെ പഠനത്തിനു തടസ്സംനിൽക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നതായും അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി.

സിദ്ധാർഥിനെ കൊന്നതാണെന്ന വിവരം പുറത്തുപറഞ്ഞാൽ തീർത്തുകളയുമെന്ന് കോളേജിലുള്ള ചില വിദ്യാർത്ഥികളോട് പ്രതികൾ പറഞ്ഞതായും ജയപ്രകാശ് ആരോപിച്ചു. അവന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച സമയത്താണ് ഞാൻ ഇക്കാര്യം അറിയുന്നത്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും എന്നെ കാണാൻ വന്നു. ഉള്ളിലിരിക്കുന്ന കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ അവനെ ചതിക്കുന്നതിനു തുല്യമാകുമെന്നു പറഞ്ഞാണ് അവർ പറഞ്ഞുതുടങ്ങിയത്.

അവനെ കൊന്നതാണ്. പ്രണയദിനത്തിൽ ഡാൻസ് ചെയ്തതിനായിരുന്നു തർക്കം. സീനിയർ വിദ്യാർത്ഥികളും അവന്റെ ചില കൂട്ടുകാരും ചേർന്നാണ് ക്രൂരത ചെയ്തത്. 130-ലധികം വിദ്യാർത്ഥികളുടെ മുന്നിലിട്ട് പരസ്യവിചാരണ ചെയ്താണ് അവർ ക്രൂരകൃത്യം നടത്തിയത്. ഇലക്ട്രിക് വയർകൊണ്ട് കഴുത്തിൽ കുരുക്കിട്ടായിരുന്നു മർദനം. നിലത്തിട്ട് ആഞ്ഞു ചവിട്ടി. നാലാംവർഷം പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ നേതൃത്വത്തിലാണ് മർദിച്ചത്. ബെൽറ്റുകൊണ്ട് ആഞ്ഞടിച്ചു. കോളേജ് അധികൃതരും ഇക്കാര്യം പുറത്തറിയിച്ചില്ല. ഇക്കാര്യം അറിയിച്ചാൽ കോളേജിൽനിന്നു പുറത്താക്കുമെന്ന് അധികൃതരും പറഞ്ഞതായി അന്നെത്തിയ കുട്ടികൾ പറഞ്ഞെന്ന് ജയപ്രകാശ് പറയുന്നു.

ക്ലാസ് പ്രതിനിധിയായിരുന്ന സമയത്ത് സിദ്ധാർഥ് യൂണിയന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ.യാണ് ഭരിക്കുന്നത്. അവിടെ എസ്.എഫ്.ഐ. മാത്രമേയുള്ളൂ. ഒരു പാർട്ടിയോടും അവന് അനുഭാവമുണ്ടായിരുന്നില്ലെന്നും പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും ജയപ്രകാശ് പറഞ്ഞു.