- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം: നാല് പേർ കസ്റ്റഡിയിൽ
ബെംഗളൂരു: കർണാടകയിലെ കുന്ദലഹള്ളിയിൽ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ പൊലീസ് കസ്റ്റഡിയിൽ. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങൾ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്‌ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി. ബാഗ് ഉപേക്ഷിച്ചുപോയ വ്യക്തിയെ തിരിച്ചറിയാൻ നിർമ്മിത ബുദ്ധിയുടെ സഹായം ബെംഗളൂരു പൊലീസ് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വാഷ് ബേസിനോട് ചേർന്നുള്ള സീറ്റിങ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് നട്ടുകളും ബോൾട്ടുകളും കണ്ടെത്തിയിരുന്നു.
പ്രതിയെന്ന് കരുതുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേർ പൊലീസ് കസ്റ്റഡിയിലുള്ളതായി വാർത്താഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തത്.
ഇന്നലെ 12.56നാണ് കഫേയിൽ സ്ഫോടനം നടന്നത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആൾ, കഫേയിൽനിന്ന് റവ ഇഡ്ലി ഓർഡർ ചെയ്തിരുന്നു. ഇയാൾ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാൾ 11.38-ഓടെയാണ് റവ ഇഡ്ലി ഓർഡർ ചെയ്തത്. 11.44-ഓടെ ഇയാൾ വാഷ് ഏരിയയിൽ എത്തുന്നു. തുടർന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിക്കുന്നു.
11.45-ഓടെയാണ് ഇയാൾ കഫേ വിട്ടുപോകുന്നത്. ഫൂട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാൾ റോഡിലൂടെയാണ് തിരിച്ചുപോവുന്നത്. ഇത് സി.സി.ടി.വി. ക്യാമറയിൽ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്ഫോടനമുണ്ടാകുന്നു. പ്രതി ബസിൽ സഞ്ചരിച്ചതായി അന്വേഷണത്തിൽ വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം ശേഖരിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്‌തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും. തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമർശിച്ച് രംഗത്തെത്തി. അതേസമയം, സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. കർണാടകയുടെയും ബെംഗളൂരുവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം. 2022-ൽ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്‌ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പത്ത് പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്‌ഫോടനത്തിൽ പരിക്കേറ്റു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോൾട്ടും കണ്ടെത്തിയതോടെ ഫൊറൻസിക്, ബോംബ് സ്‌ക്വാഡുകൾ എത്തി സ്ഥലത്ത് വിശദപരിശോധന നടത്തുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ അജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചതോടെയാണ് അക്രമിക്കായി അന്വേഷണം വ്യാപിപ്പിച്ചത്.