കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. ബാലുശ്ശേരി കിനാലൂർ കാരപ്പറമ്പിൽ ആലിക്കോയയുടെ മകൻ ജാസിർ, കണ്ണാടിപ്പൊയിൽ മുരിങ്ങനാട്ടുചാലിൽ ശശിയുടെ മകൻ അഭിനന്ദ് (21) എന്നിവരാണ് മരിച്ചത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. അടുത്തിടെ മോഷണ കേസിൽ പ്രതിയായി റിമാൻഡിൽ ഉള്ളയാളുടെ ബൈക്ക് ആണ് ഇവർ ഉപയോഗിച്ചത്.

ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ച് നിമിഷങ്ങൾക്കുള്ളിൽ കത്തിയമരുകയായിരുന്നു. സൗത്തുകൊടുവള്ളിയിൽ ഇലക്രിക് പോസ്റ്റിൽ മോട്ടോർ സൈക്കിൾ ഇടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവാസികളാണ് അപകട വിവരം ആദ്യം അറിയുന്നത്. പരിക്കേറ്റ രണ്ട് പേരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച രണ്ട് യുവാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ആദ്യ ഘട്ടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ടു ഫോണുകൾ കണ്ടെത്തിയിരുന്നു. ബൈക്കിന്റെ നമ്പർ പ്‌ളേറ്റ് കത്തിയ നിലയിലായിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിപ്പോയി. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂർണമായും കത്തുകയായിരുന്നു

ജാസിറിന്റെ പേരിൽ മൂന്ന് കളവ് കേസുകളാണ് ഉള്ളത്. അഭിനന്ദിന്റെ പേരിൽ ആറും. ഇവർ ഉപയോഗിച്ച ബൈക്ക് കോഴിക്കോട് ടൗൺ സ്റ്റേഷന് സമീപത്തെ മോഷണ കേസിൽ ജയിലിൽ കഴിയുന്ന അർഷാദ് എന്നയാളുടേതാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ദുരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.

യുവാക്കളിലൊരാളുടെ മൃതദേഹം ബൈക്കിനും വൈദ്യുതി തൂണിനുമിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ രണ്ടാമത്തെയാളെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതിത്തൂണിലിടിച്ച് തലയ്ക്കുൾപ്പെടെ ഏറ്റ പരിക്കും തീപ്പൊള്ളലേറ്റതുമാണ് മരണകാരണം. നരിക്കുനി അഗ്‌നിരക്ഷാസേനയും കൊടുവള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു.