തൃശ്ശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തുന്നതിന് പൊലീസും വനംവകുപ്പും സംയുക്തമായി തിരച്ചിൽ തുടരുന്നു. പൊലീസ് - വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സംയുക്ത ഓപ്പറേഷൻ. കാടർ വീട്ടിൽ കുട്ടന്റെ മകനായ 15 വയസ്സുള്ള സജികുട്ടൻ , രാജശേഖരന്റെ മകനായ എട്ടു വയസ്സുകാരൻ അരുൺ കുമാർ എന്നിവരെയാണ് കാണാതായത്. ശാസ്താംപൂവം കോളനിക്ക് സമീപം ഉൾവനത്തിലാണ് തിരച്ചിൽ നടത്തുന്നത്.

പതിനഞ്ച് പേർ അടങ്ങുന്ന ഏഴു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയിൽ തെരച്ചിൽ പരോഗമിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.വനമേഖലയെ ഏഴായി തിരിച്ചാണ് പരിശോധന. കാരിക്കടവ് ഫോറസ്റ്റ് ഒപി താൽക്കാലിക റിപ്പോർട്ടിങ് കേന്ദ്രമാക്കിയാണ് പരിശോധന.

ഉന്നത ഉദ്യോഗസ്ഥർ മേഖലയിൽ ക്യാമ്പ് ചെയ്താണ് തെരച്ചിൽ മുന്നോട്ടു കൊണ്ടു പോകുന്നത്. ആനയും കാട്ടുപോത്തും, പുലിയും നിറഞ്ഞ വനമേഖലയിലെ തെരച്ചിൽ അതീവ ദുഷ്‌കരമാണ് എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള വന്യജീവി ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളുമായാണ് സംഘം ഉൾവനത്തിൽ പ്രവേശിച്ചത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വനത്തിൽ തമ്പടിച്ചാണ് അന്വേഷണം നടത്തുന്നത്.

ഇക്കഴിഞ്ഞ രണ്ടാം തീയതി പകൽ 10 മണി മുതലാണ് കുട്ടികളെ കാണാതായത്. കാണാതായ ആദ്യ ദിനങ്ങളിൽ ബന്ധു വീടുകളിലും കുട്ടികൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും ബന്ധുക്കൾ അന്വേഷണം നടത്തിയിരുന്നു. ഈ ശ്രമം വിഫലമായതിനെ തുടർന്ന് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകുകയയിരുന്നു.

മാർച്ച് രണ്ടാം തീയതി മുതൽ കുട്ടികളെ കാണാതായിരുന്നുവെങ്കിലും വീട്ടുകാരോ ബന്ധുക്കളോ പരാതി നൽകിയിരുന്നില്ല. ബന്ധുവീട്ടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലുമെല്ലാം പോവുന്നവരാണ് കുട്ടികൾ. അതുകൊണ്ടു തന്നെ പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. തിരിച്ചെത്താതെ വന്നതോടെ സ്വന്തമായി പരിശോധന നടത്തിയിരുന്നൂവെങ്കിലും കണ്ടെത്താൻ കഴിയാത വന്നതോടെയാണ് പരാതി നൽകിയത്.