ബെംഗളുരു: കർണാടകയിലെ കുന്ദലഹള്ളിയിൽ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി. കഫേയിൽ ബോംബ് വച്ച പ്രതിയെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളുടെ സഹായം തേടിയ ഏജൻസി പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന നിർണായകമായ വിവരങ്ങൾ കൈമാറുന്നവർക്ക് പത്തുലക്ഷം രൂപ സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മാർച്ച് മൂന്നിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻ.ഐ.എയ്ക്ക് കൈമാറിയത്.

പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ആൾ സ്‌ഫോടനം നടന്ന് ഒരു മണിക്കൂറിന് ശേഷം ബസിൽ കയറി പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നത് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. അതേ ദിവസം രാത്രി ഒമ്പതുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ബസ്സ്റ്റാൻഡിൽ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യവും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചിത്രമാണ് ഏജൻസി പുറത്തുവിട്ടിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഹായവും നേരത്തെ എൻഐഎ തേടിയിരുന്നു. കേസിലെ പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് അധികൃതർ പാരിതോഷികം പ്രഖ്യാപിച്ചത്. എൻ.ഐ.എയോടൊപ്പം ബെംഗളൂരു പൊലീസിന്റെ സെൻട്രൽ െ്രൈകം ബ്രാഞ്ചും അന്വേണത്തിൽ സഹകരിക്കുന്നുണ്ട്. കർണാടകയിലെ ബല്ലാരിയിൽനിന്ന് നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധമുള്ള ഒരു വ്യാപാരിയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബല്ലാരി ജില്ലയിലുള്ള ഒരു തുണി വ്യാപാരിയെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെയുമാണ് അറസ്റ്റുചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം പ്രതി വേഷം മാറി ബല്ലാരി, തുമകുരു, ബിദർ, ഭട്കൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇയാൾ വേഷം മാറി സഞ്ചരിക്കുന്നതായാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

സ്‌ഫോടനം നടന്ന രാമേശ്വരം കഫേ ശനിയാഴ്ച മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. കഫേയുടെ പ്രവേശന കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷമാണ് ഉപഭോക്താക്കളെ അകത്തേക്ക് കടത്തിവിടുന്നത്. കഫേയുടെ സുരക്ഷ ശക്തിപ്പെടുത്തിയതായി സിഇഒ രാഘവേന്ദ്ര റാവു അറിയിച്ചു.

മാർച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56-നായിരുന്നു കഫേയിൽ സ്‌ഫോടനമുണ്ടായത്. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്‌കും തൊപ്പിയും ധരിച്ച ഒരാളുടെ ദൃശ്യം നേരത്തെ അധികൃതർ പുറത്തുവിട്ടിരുന്നു. ഇയാൾ കടയിലേക്ക് വന്ന് 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാൾ 11.38-ഓടെയാണ് റവ ഇഡ്ലി ഓർഡർ ചെയ്തത്. 11.44-ഓടെ ഇയാൾ വാഷ് ഏരിയയിൽ എത്ത്. തുടർന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിച്ചു.

11.45-ഓടെയാണ് ഇയാൾ കഫേ വിട്ടുപോകുന്നത്. ഫുട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാൾ റോഡിലൂടെയാണ് തിരിച്ചുപോയത്. ഇത് സി.സി.ടി.വി. ക്യാമറയിൽ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്ഫോടനമുണ്ടാകുകയായിരുന്നു. ഇതേദിവസം, രാത്രി ഒമ്പത് മണിയോടെ ഇയാൾ ബസ് സ്റ്റേഷനിൽ നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.