തിരുവനന്തപുരം: വർക്കല ബീച്ചിൽ ശക്തമായ തിരയിൽ ഫ്‌ളോട്ടിങ് ബ്രിജിലുണ്ടായ അപകടത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പതിനഞ്ച് പേർക്ക് പരുക്ക്. ഇതിൽ, രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയിൽ പെട്ട് ഫ്‌ളോട്ടിങ് ബ്രിജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്‌ളോട്ടിങ് ബ്രിജിലുണ്ടായിരുന്നവർ കടലിലേക്ക് പതിച്ചു.

സുരക്ഷാ ജീവനക്കാർ കടലിൽ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിൽ ബ്രിഡ്ജിന്റെ പകുതിയോളം തകർന്നു. ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് സൂചന. തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. കടലിൽ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം നടന്നതിനാൽ വലിയ അപകടം ഒഴിവായി.

അപകടത്തിൽപ്പെട്ടവരിൽ എട്ട് പേരെ വർക്കല താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ എസ്.എൻ മിഷൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് കുട്ടികളുമുണ്ട്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽ പെട്ടതോട കടലിൽ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ കടലിൽ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിജാണ് 2023 ഡിസംബർ 26ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിജാണ് വർക്കലയിലേത്. തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും കടൽപാലം ഒരുക്കിയിരിക്കുന്നത്. കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാം. പാലം അവസാനിക്കുന്നിടത്തെ പ്ലാറ്റ്ഫോമിൽനിന്ന് സന്ദർശകർക്ക് കടൽക്കാഴ്ച ആസ്വദിക്കാം.

ഒരേ സമയം നൂറുപേർക്ക് ബ്രിജിൽ കയറാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. 11 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് ബ്രിജ് സ്ഥാപിച്ചത്.