കോഴിക്കോട്: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് പലരുടെയും കൈയിൽനിന്ന് പലപ്പോഴായി മൂന്നുകോടിയിലധികം പണം സമാഹരിച്ച് കബളിപ്പിച്ച കേസിൽ യുവതി പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കങ്ങലിലൂടെ. തിരുവനന്തപുരം മലയിൻകീഴ് മൈക്കിൾ റോഡിൽ ശാന്തന്മൂല കാർത്തിക ഹൗസിൽ ബി.ടി. പ്രിയങ്ക(30)യെയാണ് അകത്തായത്. കേരളത്തിൽ സ്റ്റോക്ക് ട്രെഡിങ് തട്ടിപ്പ് സജീവമാണ്. കഴിഞ്ഞ ദിവസം മലപ്പുറത്തും ഒരു അറസ്റ്റ് നടന്നിരുന്നു. ഇതു രണ്ടും ഒരു സംഘമാണോ എന്നും പരിശോധിക്കും.

തിരുവമ്പാടി എസ്‌ഐ. സി.ആർ. അരവിന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളത്തുവെച്ച് പ്രിയങ്കയെ അറസ്റ്റു ചെയ്യുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിപ്പു നടത്തിയതായി തിരുവമ്പാടി പൊലീസിൽ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. കൊച്ചി കടവന്ത്രയിൽ ട്രേഡിങ് ബിസിനസ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്. സെബിയുടെ അംഗീകാരമില്ലാതെ, ഒരു രജിസ്റ്റേഡ് സ്ഥാപനത്തിന്റെ കീഴിലല്ലാതെ പണം സമാഹരിക്കുകയും സ്വകാര്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം പേരുടെ കൈയിൽനിന്ന് കോടികൾ കൈപ്പറ്റിയിട്ടുണ്ട്. ഇതെല്ലാം ആഡംബരജീവിതം നയിക്കുകയായിരുന്നു. പ്രതിയുടെ അമ്മയും സഹോദരനായ രാജീവും ഭാവിവരനായ ഷംനാസും ഈ തട്ടിപ്പുസംഘത്തിലെ കണ്ണികളാണ്. ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ ശക്തമാക്കി. പ്രിയങ്കയുടെപേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കരമന, കടവന്ത്ര ഉൾപ്പെടെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു.

സ്റ്റോക്ക് ട്രേഡിങ്ങിന്റെ പേരിൽ ഒരു കോടിയുടെ തട്ടിപ്പു നടത്തിയ പ്രതിയെ മലപ്പുറം സൈബർ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കാസർകോട് കാഞ്ഞങ്ങാട് സൗത്തിലെ ബൈത്തുൽ മുഹമ്മദ് വീട്ടിൽ മുഹമ്മദ് മുജ്തബ (21) ആണ് പിടിയിലായത്. ഫേസ്‌ബുക്കിൽ കണ്ട ബ്ലാക് റോക് എഞ്ചൽ വൺ എന്ന സ്റ്റോക്ക് ഇൻവെസ്റ്റ്മെന്റ് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് അവരുടെ വാട്സാപ് ഗ്രൂപ്പിൽ കയറിയ വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയിൽനിന്നാണ് പ്രതികൾ 1.8 കോടി രൂപ തട്ടിയെടുത്തത്. സ്റ്റോക്ക് ട്രേഡിങ് ആണെന്ന് വിശ്വസിപ്പിച്ച് ഇയാളിൽനിന്ന് പലതവണ പ്രതികൾ പണം അക്കൗണ്ട് വഴി കൈപ്പറ്റുകയായിരുന്നു.

വേങ്ങര പൊലീസ് കേസെടുത്തെങ്കിലും തുടരന്വേഷണത്തിനായി മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. ഇതേ മാതൃകയിലാണ് പ്രിയങ്കയും തട്ടിപ്പ് നടത്തിയത്.