കൊല്ലം: തിരുവനന്തപുരം സ്വദേശിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു ഖത്തറിൽ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോഗിതായി പരാതി. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണു പീഡന പരാതി. സുധീപിനെതിരെ കുളത്തൂപ്പുഴ പൊലീസ് പീഡനത്തിനു കേസെടുത്തിട്ടുണ്ട്. അതിജീവിതകളിലൊരാളായ യുവതി, മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ ഓഫിസിലേക്ക് ഇ മെയിൽ വഴി നൽകിയ പരാതി മന്ത്രിയുടെ ഓഫിസിൽ നിന്ന് ആരോപണവിധേയനു തന്നെ ചോർത്തി നൽകിയതായും ആരോപണം ഉണ്ട്.

മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫംഗം പരാതി ചോർത്തിക്കൊടുത്തെന്നാണു കുളത്തൂപ്പുഴ സ്വദേശിയായ വിവാഹിതയായ യുവതിയുടെ ആരോപണം. പരാതി പോയ വിവരം അറിഞ്ഞതോടെ സുധീപ് ചന്ദ്രൻ ഖത്തറിൽ നിന്ന് ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം. മന്ത്രി ഗണേശ്‌കുമാറിന്റെ പഴ്‌സനൽ സ്റ്റാഫംഗവുമായി ബന്ധമുള്ളയാളാണു സുധീപ് എന്നു യുവതി ആരോപിക്കുന്നു. ഈ ബന്ധമാണ് മന്ത്രിക്ക് അയച്ച പരാതി ചോർത്തി നൽകിയതും ഇയാൾ ആഫ്രിക്കയിലേക്ക് കടന്നതും.

ഖത്തറിൽ നേരിട്ട അനുഭവത്തെക്കുറിച്ച് നേരത്തേ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്ന് കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയതായും മറ്റു മന്ത്രിമാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ യുവതി പറയുന്നു. ജോലിക്കെന്നു പറഞ്ഞ് മൂന്നു ലക്ഷം രൂപ ഈടാക്കിയാണ് സുധീപ് ചന്ദ്രൻ യുവതിയെ ഖത്തറിലെത്തിച്ചത്. മകളെ ഖത്തറിലേക്ക് കൊണ്ടുപോയി ഫ്‌ളാറ്റിൽ താമസിപ്പിച്ചു പീഡനത്തിനിരയാക്കിയ ശേഷം പരിചയക്കാർക്ക് നൽകി സുധീപ്ചന്ദ്രൻ പണം സമ്പാദിച്ചു വരികയാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയുടെ അമ്മ കുളത്തൂപ്പുഴ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകളുടെ ശമ്പളം എന്ന പേരിൽ സുധീപിന്റെ അക്കൗണ്ടിൽ നിന്നാണു തനിക്ക് പണം അയച്ചിരുന്നതെന്നും പരാതിയിലുണ്ട്. 2021 നവംബറിലാണ് യുവതി ഖത്തറിലേക്കു പോയത്.

മന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെ പരാതി ഉയർന്നതോടെ വിശദീകരണവുമായി മന്ത്രിയുടെ ഓഫിസ് രംഗത്തെത്തി. മന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ പരാതിയുണ്ടായാൽ അവർ സ്റ്റാഫിൽ ഉണ്ടാകില്ലെന്നു മന്ത്രി കെ.ബി ഗണേശ്‌കുമാറിന്റെ ഓഫിസിന്റെ വിശദീകരണം. ഓഫിസിലെ ഒരു ജീവനക്കാരനെതിരെയും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. മന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ല.