- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇൻഷുറൻസ് തുക തട്ടാൻ സൂപ്പർ മാർക്കറ്റ് കത്തിച്ചു, കടയുടമ അറസ്റ്റിൽ
തലപ്പുഴ: വയനാട് തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തിൽ കടയുടെ നടത്തിപ്പുകാരൻ വാളാട് കൊത്തറ കൊപ്പര വീട്ടിൽ മുഹമ്മദ് റൗഫ് (29) അറസ്റ്റിൽ. തലപ്പുഴ പൊലീസാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് തലപ്പുഴയിലെ സൂപ്പർ മാർക്കറ്റിനു തീപിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയും പൊലീസും ചേർന്നാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. അവസരോചിതമായി പ്രവർത്തിച്ചതിലൂടെ വൻ ദുരന്തമാണ് അന്ന് ഒഴിവായതും.
സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൂപ്പർ മാർക്കറ്റ് ഉടമ തന്നെ പിടിയിലായത്. ഇൻഷുറൻസ് തുക ലഭിക്കുന്നതിനായാണ് സൂപ്പർ മാർക്കറ്റ് കത്തിച്ചതെന്ന് ഉടമ പൊലീസിനു മൊഴി നൽകി.
തലപ്പുഴ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ അരുൺ ഷാ, എസ്‌ഐ വിമൽ ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ കെ.എസ്. ഷിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫെബ്രവരി 26 ന് പുലർച്ചെ 2 മണിക്കാണ് തീപിടുത്തമുണ്ടായത്. സാമ്പത്തിക നഷ്ടവും, കടബാധ്യതയും മൂലം ഇൻഷുറൻസ് തുക ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ മാർക്കറ്റ് കത്തിച്ചതെന്ന് റൗഫ് പൊലീസിനോട് പറഞ്ഞു.
സംഭവ ദിവസം അർധരാത്രി കഴിഞ്ഞും സൂപ്പർമാർക്കറ്റ് പരിസരത്ത് റൗഫിന്റെ സാന്നിധ്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് എസ് ഐ വിമൽ ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിജുമോൻ തുടങ്ങിയവർ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തീ, സ്‌ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യത്തിനുള്ള ഐ പി സി 436 വകുപ്പാണ് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്നത്.