- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അനുവിന്റെ കൊലപാതകം: സ്വർണം വിൽക്കാൻ ഇടനിലനിന്ന കൊണ്ടോട്ടി സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ്. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മുജീബ് റഹ്‌മാൻ അവരുടെ ആഭരണങ്ങൾ വിൽക്കാനായി അബൂബക്കറെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ആഭരണം വിൽക്കാൻ സമീപിച്ച ജൂവലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുട്ടൊപ്പം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് വ്യക്തമാകുന്നതും പ്രതി മുജീബ് റഹ്‌മാൻ പിടിയിലാകുന്നതും.
പിടിയിലായ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ സ്ഥിരം കുറ്റവാളിയാണ്. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ 55 കേസുകൾ നിലവിലുണ്ട്. പ്രതി മുജീബ് റഹ്‌മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചു. തുടർന്ന് സ്വർണ്ണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി അബൂബക്കറിന് കൈമാറുകയായിരുന്നു.
പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പിൽ എടവണ്ണപ്പാറ ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിൽ നിന്നും കണ്ടെത്തി ഇക്കഴിഞ്ഞ 11ന് മട്ടന്നൂരിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്.
ബൈക്ക് മോഷണം, പിന്നാലെ കൊലപാതകം
ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങൽ സ്വദേശി ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്‌മാനെ (49) പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തി.
മാർച്ച് 11 തിങ്കളാഴ്ച പുലർച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മതിൽ പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടിൽ നിന്ന് ഹെൽമറ്റും മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. ആളൊഴിഞ്ഞ വഴികളിൽ സ്ത്രീകളെ ലക്ഷ്യം വച്ച് കറുങ്ങുന്ന ഇയാൾ വാളൂർ റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്കു നിർത്തി നിൽക്കുന്ന സമയത്താണ് അനു ഫോൺ ചെയ്ത് ധൃതിയിൽ പോവുന്നത് ശ്രദ്ധയിൽപെടുന്നത്. ഫോൺ സംസാരത്തിൽ നിന്നും മറ്റാരോ കാത്തു നിൽക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്ന് പറയുന്നതും കേട്ട മുജീബ് ബൈക്കുമെടുത്ത് അനുവിനരികിൽ എത്തുകയായിരുന്നു.
മുളിയങ്ങീലേക്കാണെങ്കിൽ കയറിക്കോ എന്നാവശ്യപ്പെട്ടെങ്കിലും ആദ്യം മടിച്ച അനു, പിന്നീട് ഇയാളുടെ പുറകിൽ കയറി. അനുവിനെ കാണാതായ ദിവസം ഒരു യുവാവിന്റെ പിന്നിൽ അകലം പാലിച്ചിരുന്ന് യുവതി പോവുന്നത് കണ്ടതായി ദൃക്സാക്ഷി പറഞ്ഞിരുന്നു. അനുവുമായി വാളൂർ നടുക്കണ്ടി പാറയിലെ എഫ്എച്ച്സിക്കു സമീപത്തെ അള്ളിയോറതാഴ തോടിന് സമീപമെത്തിയപ്പോൾ മൂത്രമൊഴിക്കണമെന്നറിയിച്ച് വണ്ടി നിർത്തി മുജീബ് ഇറങ്ങി.
ബൈക്കിൽ നിന്ന് യുവതിയും ഇറങ്ങിയതോടെ ഇയാൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ബലം പിടുത്തത്തിനിടയിൽ നിലത്തു വീണ അനുവിനെ തട്ടി തോട്ടിലേക്ക് ഇട്ട് വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ഏറെ നേരം യുവതിയുടെ ദേഹത്ത് ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങൾ കവർന്നത്. മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോ എന്ന് പരിശോധിക്കുന്നതിനു വേണ്ടി ചുരിദാർ അഴിച്ച് നോക്കിയെങ്കിലും അരഞ്ഞാണമില്ലായിരുന്നു. അതാണ് അർധനഗ്‌നയായി മൃതദേഹം കാണപ്പെട്ടത് എന്ന് കരുതുന്നു. തുടർന്ന് ബൈക്കിൽ പ്രതി രക്ഷപ്പെടുകയായിരുന്നു.
തെളിവായി സിസിടിവി ദൃശ്യങ്ങൾ
പേരാമ്പ്ര ഡിവൈഎസ്‌പി കെ.എം.ബിജുവിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പക്ടർ എം.എ.സന്തോഷിന്റെ നേതൃത്വത്തിൽ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ബൈക്കിന്റെ ഉടമയെ തേടി മട്ടന്നൂരിൽ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതാണന്ന് അറിയുന്നത്.
തുടർന്ന് വിവിധ സ്റ്റേഷനുകളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലും മുജീബിന്റെ മൂൻകാല കേസുകളുടെയും പശ്ചാത്തലത്തിൽ അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. മാരകായുധങ്ങളുമായി കറങ്ങുന്ന പ്രതിയെ കസ്റ്റഡിയിൽ എടുന്നതിന് പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. മൽപ്പിടുത്തത്തിനിടെ പേരാമ്പ്ര പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ സുനിൽ കുമാറിന്റെ കൈയ്ക്ക് കുത്തേറ്റു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 58 ഓളം കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.