ബത്തേരി: കാറിൽ മയക്കുമരുന്നായ എംഡിഎംഎ വച്ച ശേഷം മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും കുടുക്കാൻ യുവാവിന്റെ ശ്രമം. ദമ്പതികൾ നിരപരാധികളാണെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായതോടെ യുവാവിന്റെ ശ്രമം കയ്യോടെ പൊലീസ് പിടികൂടി. ചീരാൽ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. മുഹമ്മദ് ബാദുഷയിൽനിന്നു 10,000 രൂപ വാങ്ങി കാറിൽ എംഡിഎംഎ വച്ച ചീരാൽ, കുടുക്കി, പുത്തൻപുരക്കൽ പി.എം. മോൻസി (30) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവരമറിഞ്ഞ് ഒളിവിൽപോയ മുഖ്യപ്രതിയായ മുഹമ്മദ് ബാദുഷയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഗൂഢാലോചനയിൽ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും പൊലീസ് തുടങ്ങി. മുഹമ്മദ് ബാദുഷയുടെ മുൻഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവ് വിൽപ്പനയ്ക്കായി ഒഎൽഎക്സിലിട്ട കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരിൽ മോൻസി വാങ്ങിയ ശേഷം ഡ്രൈവർ സീറ്റിന്റെ റൂഫിൽ എംഡിഎംഎ ഒളിപ്പിച്ചുവെക്കുകയും പൊലീസിന് വിവരം നൽകുകയുമായിരുന്നു.

ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. പുൽപ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറിൽ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണു ബത്തേരി സ്റ്റേഷനിൽ ലഭിക്കുന്നത്. ഇതറിഞ്ഞ പൊലീസ് ജാഗരൂകരായി.തുടർന്നു ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംക്ഷനിൽ പരിശോധന നടത്തി. അതുവഴിവന്ന അമ്പലവയൽ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിൽനിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു. ഇതോടെ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടു.

വാഹനം മറ്റാർക്കെങ്കിലും കൊടുത്തിരുന്നോ എന്ന് പൊലീസ് ചോദിച്ചു. അതോടെ ഒഎൽഎക്സിൽ വിൽപ്പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവൺ എന്നയാൾക്കു കൊടുക്കാൻ പോയതാണെന്ന് ദമ്പതികൾ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പർ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവൺ എന്നത് മോൻസിയുടെ കള്ളപ്പേരാണെന്നു തെളിഞ്ഞു.