- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പുതു നീക്കം
ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നതെന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മന്ത്രാലയം നടത്തിയ സർവേയാണ് ഇത് തിരിച്ചറിഞ്ഞത്. നിർമ്മിതബുദ്ധി ഉപയോഗിച്ചു 114 കോടി കണക്ഷനുകൾ പരിശോധിച്ചാണ് നിർണ്ണായക കണ്ടെത്തൽ നടത്തുന്നത്. രാജ്യസുരക്ഷയ്ക്ക് തന്നെ ഇത് ഭീഷണിയാണെന്നാണ് കണ്ടെത്തൽ.
ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകൾ വീണ്ടും പരിശോധിച്ച് വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകൾ റദ്ദാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നമ്പരുകൾ വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്കോ ഓൺലൈൻ തട്ടിപ്പുകൾക്കോ ആയി ഉപയോഗിക്കുന്നുവെന്നാണ് അധികൃതർ സംശയിക്കുന്നത്. തട്ടിപ്പുകൾ പെരുകിയ സാഹചര്യത്തിലായിരുന്നു പരിശോധന.
പൗരന്മാർക്ക് അവരുടെ പേരിൽ നൽകിയിട്ടുള്ള മൊബൈൽ കണക്ഷനുകൾ അറിയാനും അപേക്ഷിക്കാത്തതോ ഉപയോഗിക്കാത്തതോ ആയ സിമ്മുകൾ ഉണ്ടെങ്കിൽ അവ വിച്ഛേദിക്കുന്നതിന് അവസരമൊരുക്കാനുമുള്ള 'സഞ്ചാർ സാഥി' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധനകൾ നടന്നത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകുക, രേഖകൾ അടിയന്തിരമായി പുനഃപരിശോധിക്കുകയും വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കുക എന്നീ നടപടികൾ സ്വീകരിക്കണമെന്ന അറിയിപ്പും കൈമാറിയിട്ടുണ്ട്. വ്യാജ രേഖയോ മനസിലാകാത്ത ഭാഷയിൽ പേരുവിവരങ്ങളോ നൽകിയ ശേഷമാണ് പലരും ഒരേപേരിൽ നിരവധി സിമ്മുകൾ എടുത്തിരിക്കുന്നത്.
ഒരാൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്ന 9 സിം കാർഡുകൾ എന്ന പരിധി മറികടന്നും പല കമ്പനികൾ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഈ കണക്ഷനുകളും റദ്ദാക്കും. നിയമലംഘനത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ, ബാങ്കുകൾ തുടങ്ങിയവ ബ്ലോക്ക് ചെയ്യുന്ന മൊബൈൽ നമ്പറുകൾ വിച്ഛേദിക്കാനും ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം (ഡി.ഐ.പി) നിലവിലുണ്ട്. വിവിധ പരാതികളെത്തുടർന്ന് കേന്ദ്ര ടെലികോം വകുപ്പ് 59 ലക്ഷം തട്ടിപ്പ് സിം കാർഡുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
കൂടുതൽ സിം സൂക്ഷിച്ചതിന്റെ പേരിലാണ് ഇതിൽ 17 ലക്ഷം സിം റദ്ദാക്കിയത്. പൊലീസിന്റെയും മറ്റും ആവശ്യപ്രകാരം 4 ലക്ഷം റദ്ദാക്കി. ഉപയോക്താക്കളുടെ പരാതിയിൽ 23 ലക്ഷം സിം കാർഡുകൾ റദ്ദാക്കി. 1.5 ലക്ഷം മൊബൈൽ ഹാൻഡ്സെറ്റുകളും ബ്ലോക്ക് ചെയ്തു. മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ഐ.എം.ഇ.ഐ നമ്പർ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം സഞ്ചാർസാഥി പോർട്ടിലുണ്ട്. സൈബർ നിയമലംഘനത്തിന്റെ പേരിൽ ചില പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്യുന്ന നമ്പർ ഉപയോഗിച്ച് തട്ടിപ്പുകാർ മറ്റ് പ്ലാറ്റ്ഫോമുകളിൽ വെട്ടിപ്പ് തുടരാറുണ്ട് .
ഡി.ഐ.പി ആരംഭിച്ചതോടെ ഇത് ഇനി നടപ്പില്ല. ഡി.ഐ.പി ബ്ലോക്ക് ചെയ്താൽ ആ നമ്പർ മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കാനാവില്ല. തട്ടിപ്പിൽ ഉൾപ്പെട്ട നമ്പറുകൾ ബാങ്കുകൾക്കും സമൂഹമാധ്യമങ്ങൾ, വാലറ്റ് കമ്പനികൾ, പൊലീസ് എന്നിവയ്ക്കും പരിശോധിക്കാം. വ്യാജ രേഖകൾ ഉപയോഗിച്ച് സജീവമാക്കിയ സിമ്മുകൾ വിച്ഛേദിച്ചുകൊണ്ട് ഡാറ്റ ക്ലീൻ ചെയ്യാനുള്ള തുടർ പ്രക്രിയയാണ് ഇതെന്ന് എഐ&ഡിഐയു ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുകേഷ് മംഗൾ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. സൈബർ കുറ്റകൃത്യമോ ഓൺലൈൻ തട്ടിപ്പോ പോലുള്ള നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ നമ്പറുകൾ മാത്രമല്ല ഹാൻഡ്‌സെറ്റും വിച്ഛേദിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യാജ സിം കാർഡുകൾ പ്രവർത്തനരഹിതമാക്കാനുള്ള സമയപരിധി സേവനദാതാക്കൾക്ക് നൽകിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ മേൽനോട്ടം ഇക്കാര്യത്തിലുണ്ട്. ഓൺലൈൻ തട്ടിപ്പുകളിൽ 90 ശതമാനവും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് നടക്കുന്നതെന്ന് തമിഴ്‌നാട് പൊലീസ് ഡയറക്ടർ ജനറൽ ശങ്കർ ജിവാൾ പറഞ്ഞു.