കൊല്ലം: കൊല്ലം കരുനാഗപ്പള്ളി കേബിൾ കുരുങ്ങി വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ലോറിയുടെ ഡ്രൈവറെ പിടികൂടാതെ പൊലീസ് വീഴ്ച വരുത്തിയെന്ന് നാട്ടുകാർ. അപകട കാരണം ലോറി അമിത ലോഡ് കയറ്റിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. ലോറി തടഞ്ഞ് നിർത്തിയിട്ടും അമിത ലോഡ് കയറ്റിയ ലോറിയുടെ ഡ്രൈവറെ പൊലീസ് പിടികൂടിയില്ലെന്നും നാട്ടുകാർ പറയുന്നു.

അതേ സമയം ലോറിയിൽ കുരുങ്ങിയത് കെ ഫോൺ കേബിളാണെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഹോണടിച്ച് ലോറി നിർത്താൻ പറഞ്ഞിട്ടും നിർത്തിയില്ലെന്നും ദൃക്‌സാക്ഷി പറയുന്നു. ലോറി രണ്ട് കേബിളുകൾ പൊട്ടിച്ചാണ് അതിവേഗത്തിൽ മുന്നോട്ട് പോയതെന്ന് പരിക്കേറ്റ സന്ധ്യയുടെ ഭർത്താവ് തുളസീധരൻ പറഞ്ഞു. ആദ്യം കേബിൾ പൊട്ടിയിട്ടും ലോറി നിർത്തിയില്ല.

കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും ഭാര്യയുടെ ജീവൻ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നും തുളസീധരൻ വ്യക്തമാക്കി. ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നു. കേബിൾ പൊട്ടി വീണ് വണ്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തുളസീധരൻ പറയുന്നു.


ലോറി ഉയരത്തിലാണ് തടി കയറ്റിക്കൊണ്ടുവന്നത്. കേബിൾ പൊട്ടിച്ചു കൊണ്ടാണ് ലോറി വന്നതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാൾ വ്യക്തമാക്കി. പിന്നിൽ നിന്ന് ഹോണടിച്ചിട്ടും ലോറി നിർത്തിയില്ലെന്നും പിന്നീട് ലോറി നിർത്തി ഡ്രൈവർ കുടുങ്ങിയ കേബിൾ മുറിച്ചുമാറ്റുന്നതാണ് കണ്ടതെന്നും ഇദ്ദേഹം വ്യക്തമാക്കി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തഴവ കൊച്ചുകുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു അപകടം ഉണ്ടായത്. വളാലിൽ ജങ്ഷനിൽ താമസിക്കുന്ന 43 വയസുള്ള സന്ധ്യയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഭർത്താവ് തുളസീധരന്റെ വർക് ഷോപ്പിന് മുന്നിൽ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്നു സന്ധ്യ. തടി കയറ്റിവന്ന ലോറിയിൽ കുടുങ്ങി കെ ഫോൺ കേബിളുകൾ പൊട്ടി താഴെ വീണു. കേബിളുകൾക്കിടയിൽപ്പെട്ട് സ്‌കൂട്ടറും സന്ധ്യയും 20 മീറ്റർ ദൂരേക്ക് തെറിച്ചു വീണു.

സ്‌കൂട്ടർ 20 മീറ്ററോളം ഉയരെ പൊങ്ങി സന്ധ്യയുടെ ദേഹത്ത് വീണു. ഇതൊന്നുമറിയാതെ മുന്നോട്ടു പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തി. തോളെല്ലിന് പൊട്ടലെറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലോറിയുടെ പിന്നാലെ കാറിൽ എത്തിയ ലോറി ഉടമ കയ്യർത്തുവെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.