- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജയിലിൽനിന്ന് പഠിച്ച പ്രിന്റിങ് ജോലി; പുറത്തിറങ്ങിയപ്പോൾ കള്ളനോട്ടടി; യുവാവ് പിടിയിൽ
വിദിശ: ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടിയ ക്രിമിനൽ കേസ് പ്രതി പുറത്തിറങ്ങിയപ്പോൾ കള്ളനോട്ടടിച്ച് വിതരണം ചെയ്ത കേസിൽ പിടിയിൽ. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കള്ളനോട്ട് കേസിൽ അറസ്റ്റിലായത്.
ഇയാളിൽനിന്ന് 200 രൂപയുടെ 95 കള്ളനോട്ടുകൾ പൊലീസ് പിടിച്ചെടുത്തു. നോട്ടടിക്കാനുള്ള കളർ പ്രിന്റർ, ആറ് മഷിക്കുപ്പികൾ, വിവിധതരം കടലാസുകൾ എന്നിവയും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് ഭൂപേന്ദ്രസിങ് പൊലീസിന് നൽകിയ മൊഴി. വിദിശ ജില്ലയിലാണ് ഇവ വിതരണംചെയ്തിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ ഭൂപേന്ദ്രസിങ് അടുത്തിടെയാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജയിലിൽ തടവുകാർക്കുള്ള വൊക്കേഷണൽ ട്രെയിനിങ്ങിന്റെ ഭാഗമായി ഇയാൾ പ്രിന്റിങ്ങിൽ പരിശീലനം നേടിയിരുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ ജോലി ലഭിക്കാൻ സഹായമാകുമെന്ന് കരുതിയാണ് തടവുകാർക്ക് ഇത്തരം പരിശീലനം നൽകുന്നത്. എന്നാൽ, ജയിലിൽനിന്ന് കിട്ടിയ 'അറിവ്' കള്ളനോട്ടടിക്കാനാണ് ഭൂപേന്ദ്ര സിങ് ഉപയോഗിച്ചത്.
അതേസമയം, ജയിൽനിന്നിറങ്ങിയാൽ സാധാരണജീവിതം നയിക്കാനായി തടവുകാരെ സഹായിക്കാനാണ് വിവിധമേഖലകളിൽ പരിശീലനം നൽകുന്നതെന്ന് വിദിശ ജയിൽ സൂപ്രണ്ട് പ്രിയദർശൻ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. ഓഫ്സെറ്റ് പ്രിന്റിങ്, സ്‌ക്രീൻ പ്രിന്റിങ് എന്നിവയിലാണ് ജയിലിൽ പരിശീലനം നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.