കൊച്ചി: ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ 2 പ്രതികളെ പിടികൂടി. ജിന്നത്ത് അലി മണ്ഡൽ (22) മൊഫാജൽ ഹൊസ്സൻ(35) എന്നിവരെയാണ് ഏലൂർ പൊലീസ് പിടികൂടിയത്.

2021 നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുപ്പത്തടം സ്വദേശിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് പ്രതികൾ എടിഎം കാർഡ് പുതുക്കുവാൻ എന്ന വ്യാജേന മെസേജുകൾ അയച്ചു. മെസേജിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത യുവതിക്ക് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം വെസ്റ്റ് ബംഗാളിലെ ബംഗാൾ-ബംഗ്ലാദേശ് ബോർഡർ പ്രദേശമായ ഹിലി എന്ന സ്ഥലത്തുള്ള എസ്.ബി.ഐ ബ്രാഞ്ചിലുള്ള പ്രതികളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫറായി.

അവിടെ നിന്ന് ഒന്നാം പ്രതി കുറച്ച് പണം എടിഎം വഴി പിൻവലിച്ചതിന് ശേഷം ബാലൻസ് തുക രണ്ടാം പ്രതിയുടെ അതേ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി കൈമാറ്റം ചെയ്യുകയും തുടർന്ന് രണ്ടാം പ്രതി എടിഎം വഴി പണം പിൻവലിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.എസ് സുദർശൻ ഐപിഎസിന്റെ നിർദേശപ്രകാരം അന്വേഷണം തുടങ്ങി.

ഏലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച് ഒ എം.കെ ഷാജിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ ഗോപകമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, സിവിൽ പൊലീസ് ഓഫീസർ ജിജൊ എന്നിവർ വെസ്റ്റ് ബംഗാൾ-ബംഗ്ലാദേശ് ഇൻർനാഷണൽ ബോർഡർ സീറൊ ലൈനിൽ നോമാൻസ് ലാന്റിലുള്ള ബോർഡർ പ്രദേശമായ ഹരിപുക്കൂർ എന്ന സ്ഥലത്ത് ബിഎസ് എഫിന്റെയും ഹിലി പൊലീസിന്റെയും സഹായത്തോടെ പ്രതികളെ അറസ്റ്റു ചെയ്തു.

രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്ത് നിയമാനുസരണം ബാലൂർഘട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവന്ന് പ്രതികളെ കളമശ്ശേരി ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസ്സത്തേക്ക് റിമാന്റ് ചെയ്തു.