- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഫായിസിന്റേത് 'കംസനെ' തോൽപ്പിക്കും ക്രൂരത
മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ ചർച്ചയാകുന്നത് കംസൻ അച്ഛന്റെ ക്രൂരത. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞ് പരിക്കേൽപ്പിച്ചു. കംസൻ കാട്ടിയതിന് സമാനമായ ക്രൂരത. മർദ്ദനമേറ്റപ്പോൾ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നു.
ഫായിസിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയിൽ ഇവരെ ഫായിസ് നിർബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നേരത്തേയും ഫായിസിനെതിരെ ഷഹനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. അമ്മയെ ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നു കുട്ടിയോട് ക്രൂരത കാട്ടിയത്. ലഹരിയിലായിരുന്നു ഇയാൾ ഇതെല്ലാം ചെയ്തതെന്നും സൂചനകളുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്.
കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കണ്ടെത്തിയിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാരിയെല്ലുകളും പൊട്ടിയിരുന്നു. ഉദിരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസിന്റെ മകൾ നസ്റിൻ ഞായറാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ ഫായിസിനെതിരേ കുട്ടിയുടെ മാതാവും ബന്ധുക്കളുമാണ് പോലീസിൽ പരാതി നൽകിയത്. ഫായിസ് കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫായിസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്കെതിരേ ഉടൻ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തേക്കും. കൊലക്കുറ്റം ചുമത്തും.
തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ അച്ഛൻ എത്തിച്ചത്. എന്നാൽ ഇവിടെയെത്തിക്കും മുന്പ് കുഞ്ഞ് മരിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ മുന്നിൽവച്ച് തന്നെ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. കട്ടിലിലേക്ക് വലിച്ചെറിഞ്ഞെന്നും കുഞ്ഞിനെ കൊല്ലുന്നത് കണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ ഇടയ്ക്കിടെ മർദിക്കാറുണ്ടായിരുന്നെന്നും ആരോപണമുണ്ട്. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്.
മരണത്തിന് പിന്നാലെ തന്നെ പിതാവിനെതിരെ ആരോപണവുമായി മാതാവ് ഉൾപ്പെടേയുള്ളവർ രംഗത്ത് വരികയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടായിരുന്നു.കുട്ടിയ കൊലപ്പെടുത്തുന്നതു കണ്ടതായും ഇവർ വെളിപ്പെടുത്തി. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തിൽ കണ്ടത്. രഹസ്യഭാഗങ്ങളിൽ വരെ മുറിവുകളേറ്റിട്ടുണ്ട്. ശരീരത്തിലേൽപ്പിച്ച പല പരിക്കുകൾക്കും പത്തു ദിവസത്തിലധികം പഴക്കമുണ്ട്. മഞ്ചേരി മെഡിക്കൽകോളേജിൽ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.
ഞായറാഴ്ച ഒന്നരയോടെ വീട്ടിലെത്തിയ ഫായിസ് കുട്ടിയുടെ വായ പൊത്തി കട്ടിലിലും അലമാരയിലും ഇടിപ്പിച്ചെന്നും അബോധാവസ്ഥയിലായ കുഞ്ഞിനെ കഴുത്ത് ഞെരിച്ചശേഷം തറയിലിട്ട് ചവിട്ടിയെന്നും ശഹബാനത്ത് ആരോപിച്ചു. കുഞ്ഞിനെ മർദ്ദിക്കുന്നതു കണ്ട് നിലവിളിച്ച തന്നെ മുറിയിലിട്ട് പൂട്ടി. ശബ്ദംകേട്ടെത്തിയ അയൽവാസികളും ബന്ധുക്കളുമാണ് മുറി തുറന്നത്. അപ്പോഴേക്കും കുഞ്ഞ് അബോധാസ്ഥയിലായിരുന്നുവെന്നും അവർ പറയുന്നു.
തിങ്കളാഴ്ച പകൽ പതിനൊന്നരയോടെ പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിൽനിന്നാണ് കാളികാവ് എസ്‌ഐ. വിളയിൽ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഫായിസിനെ പിടികൂടിയത്. ഭാര്യയെ മർദിച്ചതിന് ഇയാളുടെ പേരിൽ രണ്ടു കേസുകൾ നിലനിൽക്കുന്നുണ്ട്. ഫായിസിന്റെ വീട് കാളികാവ് പൊലീസ് സീൽചെയ്തിട്ടുണ്ട്.
ഫായിസിന്റെ ബന്ധുക്കളെ പ്രതി ചേർക്കുന്ന കാര്യവും പരിശോധിക്കുമെന്ന് വ്യക്തമാക്കി. ഭാര്യയോടും അവരുടെ വീട്ടുകാരോടുമുള്ള വൈരാഗ്യമാണ് കുട്ടിയുടെ കൊലപാതകത്തിലേക്കു നയിച്ചത് എന്നാണ് സൂചന.