- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം ഒളിപ്പിക്കാൻ പാടത്ത് തള്ളി' സ്വർണ വ്യാപാരി പിടിയിൽ
തൃശ്ശൂർ: തൃശൂർ കുറ്റുമുക്ക് പാടത്ത് പാലക്കാട് സ്വദേശിയായ 55കാരൻ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ തൃശ്ശൂരിലെ സ്വർണ ആഭരണവ്യാപാരിയും കുടുംബവും അറസ്റ്റിലായി. തൃശ്ശൂർ ഇക്കണ്ടവാരിയർ റോഡിൽ താമസിക്കുന്ന ആഭരണവ്യാപാരി ദിലീപ് കുമാർ, ഭാര്യ ചിത്ര എന്നിവരെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനം കയറിയാണ് പാലക്കാട് സ്വദേശിയുടെ മരണം സംഭവിച്ചതെന്നും തുടർന്ന് സംഭവം മറച്ചുവെക്കാനായി പ്രതികൾ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളിയതാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. പാലക്കാട് സ്വദേശി രവി (55) യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച പാടത്ത് കിടക്കുന്നതായി കണ്ടത്. കഴിഞ്ഞ ഞായറാഴ്ച നടക്കാനിറങ്ങിയ ആളുകളാണ് കുറ്റുമുക്ക് പാടത്ത് മൃതദേഹം കിടക്കുന്നതായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതും. മൃതദേഹത്തിന്റെ ഇടുപ്പിന് സമീപം മാംസം അടർന്നുപോയതായി കാണപ്പെട്ടിരുന്നു. കുത്തേറ്റു മരിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് രവിയുടെ ശരീരത്തുണ്ടായിരുന്ന പരിക്കുകൾ വണ്ടി തട്ടിയുണ്ടായതാണെന്ന് ഡോക്ടർ വ്യക്തമാക്കിയത്.
വയറിന് മാരകമായി പരിക്കേറ്റതിനാൽ സംഭവം കൊലപാതകമാണോ എന്നതടക്കം പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതോടെ സംഭവസ്ഥലത്തുകൂടെ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് ആഭരണവ്യാപാരിയും കുടുംബവും പിടിയിലായത്.
ആഭരണവ്യാപാരിയായ ദിലീപ്കുമാറും കുടുംബവും തൃശ്ശൂർ നഗരത്തിലെ ഇക്കണ്ടവാരിയർ റോഡിലാണ് താമസം. ശനിയാഴ്ച രാത്രി ഇവരുടെ വീടിന്റെ ഗേറ്റിന് മുന്നിൽ രവി മദ്യപിച്ച് അവശനായി കിടന്നിരുന്നു. വീട്ടിൽനിന്ന് പുറത്തുപോയിരുന്ന കുടുംബം രാത്രി തിരികെ എത്തിയപ്പോൾ ഗേറ്റിനോട് ചേർന്ന് കിടന്നിരുന്ന ഇയാളെ കണ്ടിരുന്നില്ല. രവിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ഇയാൾ തൽക്ഷണം മരിക്കുകയുമായിരുന്നു. രവി മരിച്ചെന്ന് ഉറപ്പായതോടെ ആരെയും അറിയിക്കാതെ സംഭവം മറച്ചുവെയ്ക്കാനായിരുന്നു കുടുംബത്തിന്റെ ശ്രമം. തുടർന്ന് രവിയുടെ മൃതദേഹം ഇതേ കാറിന്റെ ഡിക്കിയിലാക്കുകയും കുറ്റുമുക്ക് പാടത്തെത്തി ഉപേക്ഷിക്കുകയുമായിരുന്നു.
സംഭവത്തിൽ പൊലീസ് നടത്തിയ വിശദ പരിശോധനക്കൊടുവിലാണ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ പിന്നിലെ നമ്പർ മറച്ച കറുത്ത ഷെവർലേ കാർ അതുവഴി പോകുന്നത് ശ്രദ്ധയിൽ പെട്ടത്. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
23ാം തീയതി രാത്രി വിശാലും കുടുംബവും പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിവരുന്ന സമയത്താണ് സംഭവം. വിശാലിന്റെ വീടിന് മുമ്പിൽ ഇരുട്ടത്ത് മദ്യലഹരിയിൽ ഉറങ്ങി കിടക്കുകയായിരുന്നു രവി. കാർ വീട്ടിലേക്ക് എടുത്തപ്പോൾ രവിയുടെ ശരീരത്ത് കയറി അപകടമുണ്ടാകുകയായിരുന്നു. മരിച്ചെന്ന് മനസ്സിലാക്കിയപ്പോൾ മൃതദേഹം ഒളിപ്പിക്കാൻ വേണ്ടി പാടത്ത് തള്ളുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശാലിനെതിരെ തെളിവ് നശിപ്പിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യക്കുമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഭാര്യയെയും പിതാവിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.