- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിദ്ധാർത്ഥന്റെ മരണം: ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്റെ ദുരൂഹ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയ മൂന്നു വനിതാ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷൻ ഓഫിസർ, അസിസ്റ്റന്റ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവും സർക്കാർ ഇറക്കി. ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
സിദ്ധാർഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഒരാഴ്ചയ്ക്കുശേഷം 16നാണ് വിജ്ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്. സിബിഐ അന്വേഷണം സർക്കാർ വൈകിപ്പിക്കുന്നു എന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനു പിന്നാലെ അന്വേഷണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു. രേഖകൾ ലഭിക്കാത്തതിനാൽ സിബിഐക്ക് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലുള്ളവരാണ് രേഖകൾ കൈമാറേണ്ടത്. ഇതിൽ വീഴ്ചവരുത്തിയതിനാണ് നടപടി.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈ മാസം 9 തീയതിയാണ് സർക്കാർ ഇറക്കിയത്. എന്നാൽ, പ്രോഫോമ റിപ്പോർട്ട് അഥവാ കേസിന്റെ മറ്റ് വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകിയിരുന്നില്ല. പ്രോഫോമ റിപ്പോർട്ട് വൈകിയെങ്കിൽ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. ഒമ്പതിന് കൈമാറേണ്ട രേഖകൾ 16ാം തീയതാണ് കൈമാറിയത്. രേഖകൾ കൈമാറാൻ വൈകിയ കാരണം താഴെതട്ടിലുള്ള ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ, സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പ്രതികൾ സംരക്ഷിക്കപ്പെടുന്നുവെന്നുമുള്ള പരാതികൾ സിദ്ധാർത്ഥന്റെ കുടുംബവും പ്രതിപക്ഷവും ആവർത്തിക്കുന്ന സാഹചര്യത്തിൽ കേസിൽ സർക്കാർ വീണ്ടും സമ്മർദ്ദത്തിലാവുകയാണ്. ഈ സാഹചര്യത്തിലാണ് പ്രോഫോമ റിപ്പോർട്ട് വൈകിയതിൽ മുഖ്യമന്ത്രി വിശദീകരണം തേടുന്നത്.
എന്നാൽ, സിദ്ധാർത്ഥന്റെ കേസിൽ വിജ്ഞാപനം മാത്രമാണ് കൈമാറിയിരുന്നത്. സിബിഐക്ക് കേസ് ഏറ്റെടുക്കണമോ വേണ്ടയോ എന്നുപോലും തീരുമാനിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യമാണ് ഇതുണ്ടാക്കിയത്. സാധാരണനിലയിൽ ഒരു കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതിന്റെ വിജ്ഞാപനം കേന്ദ്രത്തിലേക്ക് കൈമാറുന്നതിനൊപ്പം തന്നെ എഫ്‌ഐആർ പരിഭാഷപ്പെടുത്തിയത് അടക്കം എല്ലാ രേഖകളും കൈമാറും. എന്നാൽ സിദ്ധാർത്ഥന്റെ കേസിൽ വിജ്ഞാപനം മാത്രമാണ് കൈമാറിയിരുന്നത്. സിബിഐക്ക് കേസ് ഏറ്റെടുക്കണമോ വേണ്ടയോ എന്നുപോലും തീരുമാനിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യമാണിത്. ഏതായാലും വിമർശനങ്ങൾക്കിടയിൽ പ്രോഫോമ റിപ്പോർട്ട് ഇ-മെയിലായി കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.
സാധാരണ ഒരു കേസ് സിബിഐയ്ക്ക് വിടുമ്പോൾ അനുബന്ധ രേഖകൾ കൊച്ചി ഓഫിസ് വഴി സിബിഐ ആസ്ഥാനത്തേക്ക് അയയ്ക്കാറുണ്ട്. ഇക്കാര്യത്തിൽ സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച വരുത്തുകയായിരുന്നു. സിബിഐക്കു കേസ് കൈമാറിയുള്ള വിജ്ഞാപനം ഡയറക്ടർക്ക് ഈ മാസം 16ന് അയച്ചതായി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പറഞ്ഞിരുന്നു. ഇനി നടപടി സ്വീകരിക്കേണ്ടതു കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ കത്ത് കേന്ദ്ര സർക്കാരിന് അയച്ചില്ലെന്നായിരുന്നു സിദ്ധാർഥന്റെ പിതാവിന്റെ ആരോപണം. ഇതിനിടെയാണ് പെർഫോമാ റിപ്പോർട്ട് കൈമാറിയില്ലെന്ന വിവരം പുറത്തുവന്നത്.
വിജ്ഞാപനം കിട്ടിയ കേസിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയതായാണു വിവരം. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടറാണ് കേസ് ഏറ്റെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക. അതിനുള്ള അന്വേഷണമാണ് തുടങ്ങിയത്. എന്നാൽ പെർഫോമാ റിപ്പോർട്ട് കിട്ടാതെ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുക്കാൻ സിബിഐയ്ക്ക് കഴിയില്ലായിരുന്നു.
ഈ മാസം ഒൻപതിനാണ് സിദ്ധാർഥന്റെ മരണം സിബിഐക്കു വിട്ടു സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ അവകാശപ്പെടുന്നതു പോലെ കത്ത് അയച്ചതു 16ന് ആണെങ്കിൽതന്നെ കാലതാമസം ഉണ്ടായി. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ കുടുംബസമേതം സമരമിരിക്കുമെന്നു സിദ്ധാർഥന്റെ മാതാവ് എം.ആർ ഷീബ പറഞ്ഞിരുന്നു. സസ്‌പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുത്ത വൈസ് ചാൻസലറുടെ തീരുമാനത്തിനു പിന്നിൽ സർക്കാർ ഇടപെടലാണെന്നും വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്ത വി സി വാക്കു മാറിയതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചിരുന്നു. സിദ്ധാർഥിന്റെ കുടുംബം പ്രതിഷേധം കടുപ്പിച്ച് രംഗത്ത് വരികയും പ്രതിപക്ഷ പാർട്ടികൾ വിഷയം ഏറ്റെടുത്ത് സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനം കടുപ്പിക്കുകയും ചെയ്തതോടെയാണ് അതിവേഗ നീക്കം.