തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടറെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി.

ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്‌ളാറ്റിൽ ഇന്നു വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഏറെനേരം വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കയ്യിൽ സിറിഞ്ച് പിടിച്ചിട്ടുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. അഞ്ച് മാസം മുൻപായിരുന്നു വിവാഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.