- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു
കാസർകോട്: മഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച അമ്പത് ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തിൽനിന്നാണ് 50 ലക്ഷം രൂപ കവർന്നത്. ചുവന്ന ടീഷർട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തിൽനിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉപ്പള ബസ് സ്റ്റാൻഡിന്റെ മുൻവശത്തുള്ള എ.ടി.എമ്മിൽ നിറയ്ക്കാനായാണ് സ്വകാര്യഏജൻസിയുടെ വാഹനത്തിൽ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവുംപിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോൾ ഇവിടെ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകൾ ജീവനക്കാർ ഇതിൽനിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു.
തുടർന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മിൽ നിറയ്ക്കാനായി ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് എ.ടി.എം കൗണ്ടറിലേക്ക് പോയി. ഈസമയം വാഹനത്തിലെ സീറ്റിൽവെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചില്ല് തകർത്ത് മോഷ്ടാവ് കവർന്നത്. സംഭവത്തിന് ശേഷം മോഷ്ടാവ് ഉപ്പള ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തിൽ പ്രതിക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്.
വാഹനം നിർത്തിയശേഷം സമീപത്തെ എടിഎമ്മിൽ സ്വകാര്യ കമ്പനി ജീവനക്കാരൻ പണം നിറക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകർത്ത് പണവുമായി സ്ഥലം വിടുകയായിരുന്നു.
വാഹനത്തിന്റെ സീറ്റിലായിരുന്നു പണം അടങ്ങിയ കെട്ട് വച്ചിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോൾ സമീപത്തെ എടിഎമ്മിലായിരുന്നു. സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. സംഭവത്തെതുടർന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.