കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിൽ രാസലായനി ഒഴിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞ് കുപ്പി പെറുക്കുന്ന ആളാണ് കസ്റ്റഡിയിലായത്. സ്മൃതികുടീരങ്ങളിൽ ഒഴിച്ചത് ശീതളപാനീയമെന്നാണ് നിഗമനം. കസ്റ്റഡിയിലെടുത്തയാളെ എസിപിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്യുന്നു .കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ദ്രാവകം ഒഴിച്ചത് ഇയാളാണെന്നാണ് സൂചന. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് നിഗമനം.

കോടിയേരി ബാലകൃഷ്ണൻ, ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണു വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയ്ക്കായി എത്തിയവരാണു സംഭവം കാണുന്നത്. തുടർന്ന് സിപിഎം നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വെള്ളം ഒഴിച്ച് കഴുകാൻ ശ്രമിച്ചെങ്കിലും സ്തൂപങ്ങളിലുടെ കറുപ്പ് നിറം നീക്കാനായില്ല. ഈ സാഹചര്യത്തിൽ പുതിയ സ്തൂപങ്ങൾ സ്ഥാപിച്ചേക്കും.

അക്രമത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു,. പ്രദേശത്തെ മുഴുവൻ സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചായിരുന്നു അന്വേഷണം. ഇതിൽ നിന്നാണ് കുപ്പി പെറുക്കി നടക്കുന്ന ആളിലേക്ക് അന്വേഷണം എത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. സിപിഎം ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് പരാതി നൽകിയിരുന്നു. കണ്ണൂർ സിറ്റി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

നേതാക്കൾ അന്ത്യവിശ്രമംകൊള്ളുന്നയിടത്തെ സ്തൂപത്തിലും ചിത്രങ്ങളിലുമാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ ഇൻസ്?പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത ചിത്രം പൂർണമായും വികൃതമാക്കിയിരുന്നു. ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നിവരുടെ സ്തൂപത്തിലെ പേരിനുമുകളിൽ രാസവസ്തു ഒഴിച്ച് നാശമാക്കി. സംഭവമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ്, എം വി ജയരാജൻ തുടങ്ങിയവർ പയ്യാമ്പലം സന്ദർശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ കാര്യങ്ങളിൽനിന്ന് ശ്രദ്ധമാറ്റി തെറ്റായ ദിശയിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നിഗമനം.