- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബെംഗളൂരുവിലെ ഹോസ്റ്റലുകളിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിക്കുന്ന യുവതി പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ യുവതി പിടിയിൽ. രാജസ്ഥാൻ സ്വദേശിനിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ മുൻ ജീവനക്കാരിയുമായ ജാസു അഗർവാളി(29)നെയാണ് ബെംഗളൂരു പൊലീസ് പിടികൂടിയത്. യുവതിയുടെ പക്കൽനിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 24 ലാപ്ടോപ്പുകളും കണ്ടെടുത്തു. കോവിഡ് കാലത്ത് ജോലി നഷ്ടമായതിന് പിന്നാലെയാണ് ജാസു അഗർവാൾ ലാപ്ടോപ്പ് മോഷണം ആരംഭിച്ചതെന്ന് 'ഇന്ത്യാടുഡേ' റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ടുവർഷമായി നഗരത്തിലെ വിവിധ ഹോസ്റ്റലുകളിൽനിന്നായി യുവതി നിരവധി ലാപ്ടോപ്പുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ എച്ച്.എ.എൽ. പൊലീസ് സ്റ്റേഷൻ പരിധിയിൽ ലാപ്ടോപ്പും ചാർജറും മൗസും മോഷണം പോയെന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായതെന്നും ബെംഗളൂരു കമ്മീഷണർ ബി.ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.
ഐ.ടി. കമ്പനികളുടെ സമീപം പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നത്. മാറത്തഹള്ളി, ടിൻ ഫാക്ടറി, ബെല്ലന്ദൂർ, സിൽക്ക്‌ബോർഡ്, വൈറ്റ്ഫീൽഡ്, മഹാദേവ്പുർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം ലാപ്ടോപ്പ് മോഷ്ടിച്ചിരുന്നു. ഇവയിൽ പലതും മാറത്തഹള്ളിയിലെയും ഹെബ്ബാളിലെയും കടകളിലാണ് മറിച്ചുവിറ്റിരുന്നത്. എച്ച്.എ.എൽ. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതെല്ലാം കണ്ടെടുത്തതായും കമ്മീഷണർ അറിയിച്ചു.
മോഷ്ടിച്ച ലാപ്ടോപ്പുകളിൽ ചിലതെല്ലാം സ്വന്തം നാട്ടിലെത്തി കരിഞ്ചന്തയിലും വിറ്റഴിച്ചിരുന്നു. ഹോസ്റ്റലുകളിൽ ആളില്ലാത്ത മുറിയിൽ കയറിയാണ് യുവതി മോഷണം നടത്തിയിരുന്നതെന്നും ഇന്ത്യാടുഡേയുടെ റിപ്പോർട്ടിലുണ്ട്.