തിരുവനന്തപുരം: വെള്ളറട സ്നേഹഭവൻ അഭയകേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ പതിനാറുകാരനെ മർദിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി. തിരുവല്ല സ്വദേശിയായ കുട്ടിയെയാണ് മർദിച്ചത്. മാർച്ച് ഏഴാം തീയതിയായിരുന്നു പരാതിക്കാസ്പദമായ സംഭവം. കുട്ടിക്ക് മർദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്‌സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകുകയായിരുന്നു.

തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്‌നേഹ ഭവൻ സ്‌പെഷൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. ഇവിടെ വച്ചാണ് മർദ്ദനമേറ്റത്.

ഈസ്റ്റർ അവധിക്ക് കുട്ടി വീട്ടിലെത്തിയപ്പോഴാണ് ശരീരത്തിലെ മുറിവുകൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, ശനിയാഴ്ച രാവിലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ നിന്നും കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകളുണ്ടെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിലും ചൈൽഡ് ലൈനിലും അറിയിക്കുകയായിരുന്നു.

കുട്ടി സ്നേഹഭവൻ കോമ്പൗണ്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് ഓടിക്കയറിയിരുന്നുവെന്നാണ് വിഷയത്തിൽ സ്നേഹഭവൻ പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. പിന്നാലെ, വീട്ടിലെ വയോധികയായ സ്ത്രീ കുട്ടിയെ അടിച്ചുവെന്നും ഇവർ പറഞ്ഞു. എന്നാൽ, കുട്ടിയുടെ ബന്ധുക്കൾ സ്ത്രീയുടെ വിലാസം ആവശ്യപ്പെട്ടതോടെ പ്രിൻസിപ്പൽ തന്റെ വാദം തിരുത്തി. അടുത്ത ദിവസം പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ കുട്ടിയുടെ വീട്ടിലെത്തി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ, സംഭവത്തിൽ നിയമനടപടി ആവശ്യമാണെന്ന നിലപാടിലാണ് ബന്ധുക്കൾ. പൊലീസും ആശുപത്രിയിലെത്തി കുട്ടിയുടെ ശരീരം പരിശോധിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്നേഹഭവനിൽ നിന്നും കുട്ടിക്ക് നേരെ മർദനമുണ്ടാകുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.