- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭിന്നശേഷിക്കാരന് മർദ്ദനം; പരാതിയുമായി ബന്ധുക്കൾ മുന്നോട്ട്
തിരുവല്ല: തിരുവനന്തപുരം വെള്ളറടയിലെ സ്പെഷൽ സ്‌കൂളിൽ നിന്ന് അവധിക്ക് സ്വന്തം വീട്ടിലെത്തിയ ഭിന്നശേഷിക്കാരന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. അധികൃതരോട് ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ചതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി അധികൃതർ മാപ്പ് പറഞ്ഞ് തലയൂരാൻ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.
സ്പെഷൽ സ്‌കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥിയെ അധികൃതർ ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചികിൽസ തേടിയ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതു പ്രകാരം പൊലീസ് കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തു. പതിനാറ് വയസുകാരനായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മാർച്ച് ഏഴിനാണ് തിരുവനന്തപുരം വെള്ളറടയിലെ സെന്റ് ആൻസ് കോൺവന്റ് ആൻഡ് സപെഷൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടിക്ക് മർദനമേറ്റത്.
മാർച്ച് 27 നാണ് കുട്ടിയെ വീട്ടിൽ കൂട്ടിക്കൊണ്ടു വന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പുറത്തും മറ്റും അടിയേറ്റ പാടുകൾ കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 26 ന്ാണ് ഹോസ്റ്റലിൽ ചേർത്തത്. ഓണത്തിനാണ് ആദ്യം വീട്ടിൽ കൊണ്ടു വന്നത്. കുട്ടിക്ക് ഇറങ്ങിയോടുന്ന സ്വഭാവമുണ്ടെന്നും ഒന്നു രണ്ടു തവണ ഓടിയെന്നും അപ്പോൾ തങ്ങൾ ചെന്ന് വിളിച്ചു കൊണ്ടു വന്നിരുന്നുവെന്നും സ്‌കൂൾ അധികൃതർ മാതാവിനോട് പറഞ്ഞു.
വീണ്ടും ക്രിസ്മസിന്റെ അവധിക്ക് വന്നപ്പോൾ വയറ്റത്ത് അടിയേറ്റ രണ്ടു പാടുകൾ കണ്ടു.ഫോട്ടോ എടുത്ത് സിസ്റ്ററിന് അയച്ചു കൊടുത്തപ്പോൾ തങ്ങൾ കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും ക്ഷമിക്കണമെന്നുമായിരുന്നു മറുപടി. ഇനി അങ്ങനെ ഉണ്ടാകാതെ നോക്കണമെന്നും പറഞ്ഞിരുന്നു.
അതിനിടെയാണ് ഇക്കുറിയും കുട്ടിക്ക് മർദനമേറ്റ പാട് കണ്ടത്. ഹോസ്റ്റലിൽ ചോദിച്ചപ്പോൾ ഒരു വലിയ കഥയാണ് മാതാവിനോട് അധികൃതർ പറഞ്ഞത്. ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയോടിയ കുട്ടി ഒരു വല്യമ്മയുടെ വീട്ടിൽ ചെന്ന് കയറിയെന്നും കള്ളനാണെന്ന് കരുതി വല്യമ്മ മർദ്ദിച്ചുവെന്നുമായിരുന്നു കഥ. ഈ കഥയിൽ വിശ്വാസം വരാത്ത മാതാവ് കുട്ടിയെ ഈ ഹോസ്റ്റലിൽ ആക്കാൻ സഹായിച്ച ബന്ധുവിനോട് വിവരം പറഞ്ഞു.
കുട്ടിയുടെ ബന്ധുക്കൾ സ്ത്രീയുടെ വിലാസം ആവശ്യപ്പെട്ടതോടെ പ്രിൻസിപ്പൽ തന്റെ വാദം തിരുത്തി. ബന്ധു വിളിച്ച് അന്വേഷിച്ചപ്പോൾ ഹോസ്റ്റലിലെ അദ്ധ്യാപകർ തന്നെ മർദിച്ചതാണെന്ന് സമ്മതിച്ചു. 28 ന് പുലർച്ചെ ഹോസ്റ്റലിൽ നിന്ന് രണ്ട് സിസ്റ്റർമാർ വീട്ടിൽ വരികയും അടുക്കളിയിൽ കയറി ഭക്ഷണം നശിപ്പിച്ചപ്പോൾ ആരോണിനെ തല്ലിയതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. അതിന് ഇങ്ങനെയാണോ ശിക്ഷിക്കേണ്ടത് എന്ന് ആരോണിൻെ്റ വലിയമ്മ ചോദിച്ചു. കുട്ടിയ അടിച്ച സിസ്റ്ററും സ്‌കുളിന്റെ പ്രിൻസിപ്പാളും കൂടിയാണ് വീട്ടിൽ വന്നതെന്ന് പറയുന്നു. ആരാണ് അടിച്ചതെന്ന് പറയാൻ കുട്ടിക്കും അറിയില്ല.
ചെവിക്ക് അണുബാധയുള്ളതിന്റെ ചികിൽസയ്ക്ക് ചാത്തങ്കരി സി.എച്ച്.സിയിിൽ എത്തിയപ്പോഴാണ് കുട്ടിക്ക് മർദനറ്റേ പാടുകൾ ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്. തിരുവല്ല പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
ഈസ്റ്റർ അവധിക്ക് കുട്ടി വീട്ടിലെത്തിയപ്പോഴാണ് ശരീരത്തിലെ മുറിവുകൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, ശനിയാഴ്ച രാവിലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ നിന്നും കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകളുണ്ടെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിലും ചൈൽഡ് ലൈനിലും അറിയിക്കുകയായിരുന്നു.
സംഭവത്തിൽ നിയമനടപടി ആവശ്യമാണെന്ന നിലപാടിലാണ് ബന്ധുക്കൾ. പൊലീസും ആശുപത്രിയിലെത്തി കുട്ടിയുടെ ശരീരം പരിശോധിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്നേഹഭവനിൽ നിന്നും കുട്ടിക്ക് നേരെ മർദനമുണ്ടാകുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.