കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷ്യൽ സ്‌കൂളിൽ വെച്ച് മർദനമേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16കാരനാണ് ക്രൂരമർദനത്തിന് ഇരയായത്. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവൻ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.

ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ദേഹമാസകലം മർദനമേറ്റ പാടുകളുമായാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിയത്. വിദ്യാർത്ഥിയെ ചികിത്സിച്ച ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്. 2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്‌പെഷ്യൽ സ്‌കൂളിൽ ചേർത്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. അപ്പോഴാണ് ദേഹത്തെ പാടുകൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ചികിത്സ തേടി. ക്രൂരമായ മർദനത്തിനാണ് കുട്ടി ഇരയായതെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ അറസ്റ്റിലേക്ക് കടന്നിട്ടില്ല. ഓട്ടിസം ബാധിതനാണ് കുട്ടി. മാർച്ച് ഏഴാം തീയതിയായിരുന്നു പരാതിക്കാസ്പദമായ സംഭവം.

ഈസ്റ്റർ അവധിക്ക് കുട്ടി വീട്ടിലെത്തിയപ്പോഴാണ് ശരീരത്തിലെ മുറിവുകൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, ശനിയാഴ്ച രാവിലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ നിന്നും കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകളുണ്ടെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിലും ചൈൽഡ് ലൈനിലും അറിയിക്കുകയായിരുന്നു.

കുട്ടി സ്നേഹഭവൻ കോമ്പൗണ്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് ഓടിക്കയറിയിരുന്നുവെന്നാണ് വിഷയത്തിൽ സ്നേഹഭവൻ പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. പിന്നാലെ, വീട്ടിലെ വയോധികയായ സ്ത്രീ കുട്ടിയെ അടിച്ചുവെന്നും ഇവർ പറഞ്ഞു. എന്നാൽ, കുട്ടിയുടെ ബന്ധുക്കൾ സ്ത്രീയുടെ വിലാസം ആവശ്യപ്പെട്ടതോടെ പ്രിൻസിപ്പൽ തന്റെ വാദം തിരുത്തി. അടുത്ത ദിവസം പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ കുട്ടിയുടെ വീട്ടിലെത്തി ക്ഷമാപണം നടത്തി. അതുകൊണ്ട് തന്നെ കേസ് നിർണ്ണായകമാണ്.

പൊലീസും ആശുപത്രിയിലെത്തി കുട്ടിയുടെ ശരീരം പരിശോധിച്ചു. അതിന് ശേഷമാണ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്നേഹഭവനിൽ നിന്നും കുട്ടിക്ക് നേരെ മർദനമുണ്ടാകുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടിയെ 2023 ജൂൺ 27നാണ് സ്‌നേഹ ഭവനിൽ എത്തിച്ചത്. ക്രിസ്തുമസിനോടനുബന്ധിച്ച് വീട്ടിൽ എത്തിച്ച കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ചതിന്റെ ചില പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച് പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. തുടർന്ന് വീണ്ടും സ്‌നേഹഭവനിൽ എത്തിച്ച കുട്ടിയെ ഈസ്റ്ററിനോടനുബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴാണ് ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകൾ കണ്ടത്. തുടർന്ന് മാതാവ് കുട്ടിയോട് വിവരങ്ങൾ തിരക്കി. കുട്ടിയിൽ നിന്നും കൃത്യമായ വിവരം ലഭിക്കാത്തതിനെത്തുടർന്ന് സ്‌നേഹഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയെ ഫോണിൽ ബന്ധപ്പെട്ടു.

ഈ മാസം ഏഴിന് കുട്ടി കോൺവെന്റിൽ നിന്നും ഇറങ്ങിയോടി സമീപത്തെ ഒരു വീട്ടിൽ കയറിയെന്നും വീട്ടുടമസ്ഥയായ വയോധിക വടികൊണ്ട് കുട്ടിയെ മർദ്ദിച്ചതാണെന്നും പ്രിൻസിപ്പൽ മറുപടി നൽകി.വീട്ടിലെത്തിയശേഷം ഈ വിവരം കുട്ടിയുടെ അടുത്ത ബന്ധുവായ തിരുവനന്തപുരം സ്വദേശിയെ മാതാവ് അറിയിച്ചു. ബന്ധു പ്രിൻസിപ്പലിനെ ഫോണിൽ ബന്ധപ്പെട്ട് മർദ്ദിച്ച വയോധികയുടെ മേൽവിലാസം ചോദിച്ചു. ഇതോടെ കുട്ടിയെ താനാണ് മർദ്ദിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും പരാതിയിലുണ്ട്.

ഇതിന് പിന്നാലെ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയും മറ്റ് രണ്ട് സിസ്റ്റർമാരും കുട്ടിയുടെ മേപ്രാലിലെ വീട്ടിലെത്തി. ഇവിടെ എത്തിയ ശേഷമാണ് കുട്ടിയെ മർദ്ദിച്ചത് കോൺവെന്റിന്റെ ചുമതലയുള്ള സിസ്റ്റർ റോസി ആണെന്ന് തുറന്നുസമ്മതിച്ചത്.