ലക്‌നൗ: ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വാട്സാപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരേ പൊലീസ് കേസെടുത്തു. ഭർത്താവിന്റെ പരാതിയിലാണ് ഉത്തർപ്രദേശിലെ ബാഹ് പൊലീസ് യുവതിക്കെതിരേ കേസെടുത്തത്. ഭാര്യയുടെ ആൺസുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭർത്താവ് ആരോപിച്ചിരുന്നു.

ആഗ്രയിലെ ബാഹ് സ്വദേശിയാണ് ഭാര്യയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2022 ജൂലായിലാണ് യുവാവും മധ്യപ്രദേശിലെ ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി. ദമ്പതിമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കവും രൂക്ഷമായി. ഇതോടെ അഞ്ചുമാസത്തിന് ശേഷം ഭാര്യ സ്വന്തംവീട്ടിലേക്ക് മടങ്ങിപ്പോയി.

ജീവനാംശം തേടി ഭർത്താവിനെതിരേ കേസും ഫയൽചെയ്തു. ഇതിനുപിന്നാലെയാണ് തന്നെ കൊല്ലുന്നയാൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ടതെന്നാണ് ഭർത്താവിന്റെ ആരോപണം. മൂന്നുമാസം മുൻപ് ഭാര്യയുടെ മാതാപിതാക്കൾ തനിക്കെതിരേ വധഭീഷണി മുഴക്കിയതായും ഭർത്താവിന്റെ പരാതിയിലുണ്ട്.

അയൽപക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. ഈ ബന്ധത്തെച്ചൊല്ലിയാണ് വിവാഹശേഷം തർക്കങ്ങൾ ആരംഭിച്ചതെന്നും ഭാര്യയുടെ ആൺസുഹൃത്ത് ഫോണിൽ വിളിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായും യുവാവ് പറയുന്നു. യുവാവിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ബാഹ് പൊലീസ് അറിയിച്ചു.

2022 ജൂലായ് 9ന് മധ്യപ്രദേശിലെ ഭിന്ദിലെ ഒരു ഗ്രാമത്തിൽ നിന്നാണ് യുവതിയെ വിവാഹം കഴിച്ചതെന്ന് ഭർത്താവ് പറയുന്നു. ദാമ്പത്യ ജീവിതം തുടങ്ങിയതിനു പിന്നാലെ ഇരുവരും പല കാര്യങ്ങളിൽ തർക്കമായി. അഞ്ചു മാസത്തെ അസന്തുഷ്ടമായ ദാമ്പത്യത്തിനു ശേഷം, 2022 ഡിസംബറിൽ, യുവതി ബാഹിലെ ഭർത്താവിന്റെ വീടുവിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയെന്നും പരാതിയിൽ പറയുന്നു.

സമാനമായ സംഭവം 2019ൽ ഗുരുഗ്രാമിൽ ഉണ്ടായിരുന്നു. അന്ന് ഭർത്താവിനെ കൊല്ലുന്നവർക്ക് പാരിതോഷികമായി 16 ലക്ഷം നൽകുമെന്നായിരുന്നു ഭാര്യ പ്രഖ്യാപിച്ചത്.