- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരുണാചൽ പൊലീസും വിശദ അന്വേഷണത്തിന്; യാത്രാ ലക്ഷ്യം കണ്ടെത്താൻ ശ്രമം
തിരുവനന്തപുരം: അരുണാചലിലെ ജിറോയിലെ ഹോട്ടലിൽ ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഒറ്റമുറി എടുത്തത്.അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയിൽ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്. മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയ ദേവിയും നവീനും പത്തു ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആര്യയുടെ മൃതദേഹത്തിൽ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് പരുക്കേറ്റത്. ദേവിയുടെ കൈകളിലാണ് മുറിവേറ്റിട്ടുള്ളത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയിൽ നിന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗർ പൊലീസിന്റെ സംശയം.
തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട് 'കാവി'ൽ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകൾ ദേവി (40), ഭർത്താവ് കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻതോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷൻ 'ശ്രീരാഗ'ത്തിൽ ആര്യാ നായർ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ജിറോയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നുപേരുടെയും കൈഞരമ്പുകൾ മുറിച്ചനിലയിലായിരുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നാണ് മരണം സംഭവിച്ചത്. മലയാളികളായ മൂവരും എന്തുകൊണ്ടാണ് ജിറോയിലെത്തി ഇത്തരമൊരു കൃത്യം നടത്തിയതെന്നും അന്വേഷിക്കും.
മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സിറോ എന്ന സ്ഥലം മൂവർ സംഘം തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹണിമൂൺവാലി എന്നറിയപ്പെടുന്ന ഈ സ്ഥലം രാജ്യാതിർത്തി ഗ്രാമമാണെന്ന് ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി.രവീന്ദ്രൻ നായർ പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ ജിറോയിൽനിന്ന് അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകും. ഇറ്റാനഗറിലെ ടി.ആർ.ഐ.എച്ച്.എം.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്മോർട്ടം. ഇതിനുശേഷം കേരളത്തിൽനിന്നെത്തുന്ന ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുകൊടുക്കുമെന്നും അരുണാചൽ പൊലീസ് അറിയിച്ചു.
മരണാനന്തരജീവിതത്തെക്കുറിച്ച് ദമ്പതിമാർ ഫോണിൽ തിരഞ്ഞതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ദുർമന്ത്രവാദത്തിലേക്കാണ് സംശയം. സാത്താൻ സേവയ്ക്ക് നവീൻ അടിമപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. എന്നാൽ അരുണാചലിൽ അത്തരം സംഘങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ മൂവരും ജിറോയിലെത്തി മുറിയെടുത്തത് എന്തിനാണെന്നതിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാർച്ച് 28-ന് ജിറോയിലെത്തിയ മൂവരും അഞ്ചുദിവസത്തോളമാണ് ഹോട്ടലിൽ താമസിച്ചത്. നവീൻ തോമസിന്റെ ഡ്രൈവിങ് ലൈസൻസ് നൽകിയാണ് ഇവർ മുറിയെടുത്തിരുന്നത്.
ദമ്പതിമാരും ആര്യയും ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു താമസം. കഴിഞ്ഞദിവസം ഇവരെ പുറത്തുകാണാതായതോടെ നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടത്. മൂവരും ജിറോയിൽ എത്തിയതുതൊട്ട് എന്തെല്ലാം ചെയ്തു, എവിടെയെല്ലാം പോയി എന്നതും അന്വേഷിക്കും. ദുർമന്ത്രവാദത്തിന്റെ സൂചനകൾ നൽകുന്ന പലതും ഇവരുടെ ഫോണിൽനിന്ന് കണ്ടെടുത്തതായാണ് വിവരം. തങ്ങൾക്ക് ഒരുപ്രശ്നവുമില്ല എവിടേക്കാണോ പോകാൻ വിചാരിച്ചത് അവിടേക്ക് പോകുന്നു എന്നെഴുതിയ കുറിപ്പും മുറിയിൽനിന്ന് കണ്ടെടുത്തിരുന്നു. ബന്ധപ്പെട്ടവരെ വിവരമറിയിക്കാനുള്ള ഫോൺനമ്പറുകളും മൂവരും എഴുതി ഒപ്പിട്ടെന്ന് കരുതുന്ന കുറിപ്പിലുണ്ടായിരുന്നു.
ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലും ദേവിയുടേത് തറയിലുമാണ് കണ്ടെത്തിയത്. നവീന്റെ മൃതദേഹം കുളിമുറിയിലും. മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇവർ ശരീരമാകെ മുറിവേൽപ്പിച്ചതെന്നാണ് നിഗമനം. മുറിയിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും അരുണാചൽ പൊലീസ് പറഞ്ഞിരുന്നു.