തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല മുക്കോലയിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ യുവാവിന്റെ രണ്ട് കൈപ്പത്തിയും തകർന്നു. നാല് പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് സ്വദേശി അനിരുദ്ധന്റെ കൈപ്പത്തികളാണ് തകർന്നത്. 17 വയസ്സുകാരനായ അനിരുദ്ധിനെതിരെ അനധികൃത ബോംബ്‌നിർമ്മാണത്തിന് മുമ്പും കേസുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇവർ ബോംബുകൾ നിർമ്മിച്ചത്.

അനിരുദ്ധന് ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. അനിരുദ്ധന്റെ സഹോദരൻ അഖിലേഷിന്റെ കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന കിരൺ, ശരത് എന്നിവർക്കും പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ എല്ലാവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്.

നാലു പേരും ഗുണ്ടാസംഘത്തിലുൾപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിർമ്മിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേർക്കുമെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു. നിസ്സാര പരുക്കേറ്റ കിരൺ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.