ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി. പ്രവർത്തകനെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തെന്ന കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവുവിന്റെ പ്രചാരണത്തിന് പിന്നാലെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. സായ് പ്രസാദ് എന്ന ബിജെപി. പ്രവർത്തകനെയാണ് എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സ്ഫോടനത്തിലെ രണ്ട് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു ആരോപണം. മന്ത്രി ദിനേശ് ഗുണ്ടുറാവു, ബിജെപിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ പവൻ ഖേരയും ജയ്റാം രമേശുമുൾപ്പടെയുള്ള നേതാക്കളും എക്സിലൂടെ ഈ വാർത്ത പങ്കുവെച്ചിരുന്നു. ബിജെപി. പ്രവർത്തകൻ പിടിയിലായെന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എൻ.ഐ.എ. വിശദീകരണവുമായി രംഗത്തെത്തി.

ബിജെപി പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തതോടെ സ്ഫോടനക്കേസിൽ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് എക്സിലെ കുറിപ്പിലൂടെ ചോദിച്ചു. കാവി തീവ്രവാദത്തിന് ഇതിലും വ്യക്തമായ തെളിവുകൾ ആവശ്യമുണ്ടോയെന്നും ദിനേശ് കുറിപ്പിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് എൻ ഐ എയുടെ വിശദീകരണം.

'രാമേശ്വരം കഫേയിൽ മാർച്ച് ഒന്നിന് ഉണ്ടായ ഐ.ഇ.ഡി. സ്ഫോടനം നടത്തിയത് മുസ്സാവിർ ഹുസ്സൈൻ ഷാസിബ് എന്നയാളും സഹ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹയാണെന്നും എൻ.ഐ.എ. തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ രണ്ടുപേരും ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശികളാണ്.

കൂടാതെ മുഖ്യപ്രതികൾക്ക് സഹായങ്ങൾ നൽകിയ മുസമ്മൽ ഷരീഫിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളിൽ എൻ.ഐ.എ. പരിശോധന നടത്തി. കൂടാതെ പത്ത് ലക്ഷം രൂപ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കേസിലെ തെളിവുകളും വിവരങ്ങളും ശേഖരിക്കാൻ എൻ.ഐ.എ. ഒളിവിലുള്ളവരുടെയും അറസ്റ്റിലായവരുടെയും കോളജ്, സ്‌കൂൾ കാല സുഹൃത്തുക്കളുൾപ്പെടെ എല്ലാ പരിചയക്കാരെയും വിളിച്ചുവരുത്തി പരിശോധിച്ചുവരികയാണ്. തീവ്രവാദക്കേസ് ആയതിനാൽ, സാക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് പുറമെ വിളിച്ച് വരുന്നവരെ അപകടത്തിൽപ്പെടുത്തുകയും ചെയ്യും. സ്ഥിരീകരിക്കാത്ത വാർത്തകൾ കേസിലെ ഫലപ്രദമായ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് എല്ലാവരുടെയും സഹകരണം എൻ.ഐ.എ. അഭ്യർത്ഥിക്കുന്നു' എൻ.ഐ.എ. വിശദീകരണ കുറിപ്പിലൂടെ അറിയിച്ചു. മാർച്ച് ഒന്നാം തീയതിയാണ് ബംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. സംഭവത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റിരുന്നു.