കണ്ണൂർ: പാനൂരിൽ സ്‌ഫോടനം നടന്ന സ്ഥലത്ത് പ്രതിയുമായുള്ള തെളിവെടുപ്പിൽ ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്. രാവിലെ ഷിബിൻ ലാൽ അടക്കം മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കൂടുതൽ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പരിശോധനയ്ക്കായി സിആർപിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്. ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ട് ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു.

തളിവെടുപ്പിൽ നിർണായക വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പാനൂരിൽ നിർമ്മിച്ചത് സ്റ്റീൽ ബോംബുകളാണെന്നും തെളിവെടുപ്പിൽ വ്യക്തമായി. തുരുമ്പിച്ച ആണി,കുപ്പിച്ചില്ല്,മെറ്റൽ ചീളുകൾ എന്നിവ ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചത്. വീടിന് സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലാണ് ആകെ പത്തിലധികം ബോംബുകൾ കണ്ടെത്തിയത്.

സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിർമ്മാണം നടന്നെന്ന് വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. മതിലിൽ ദ്വാരമുണ്ടാക്കി ഒളിപ്പിച്ച നാല് ബോംബ് ഇന്നലെ കണ്ടെത്തിയിരുന്നു.പ്രതി ഷബിൻ ലാലുമായി തെളിവെടുപ്പുമായി സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ബോംബ് ഒളിപ്പിച്ച സ്ഥലം ഉൾപ്പെടെ പ്രതി കാണിച്ചുകൊടുത്തു.

ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിരുന്നു. ചെറുപറമ്പ് സ്വദേശി ഷബിൻലാൽ, കുന്നോത്തുപറമ്പ് സ്വദേശി അതുൽ, ചെണ്ടിയാട് സ്വദേശി അരുൺ എന്നിവരെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റൊരാൾ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അറസ്റ്റിലായ മൂവരും സ്ഫോടനം നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. ബോംബ് നിർമ്മാണം നടക്കുമ്പോൾ എത്രപേർ സ്ഥലത്തുണ്ടായിരുന്നു, ഇവർ ആരെല്ലാമാണ് എന്നതിലെല്ലാം പൊലീസ് വ്യക്തമായവിവരങ്ങൾ നൽകിയിട്ടില്ല. കേസിൽ അറസ്റ്റിലായ മൂവരും സിപിഎം. അനുഭാവികളാണെന്നാണ് വിവരം.

കഴിഞ്ഞദിവസമാണ് പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോടിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തിൽ സിപിഎം. പ്രവർത്തകനായ എലിക്കൊത്തിന്റെവിട ഷരിൽ(31) മരിച്ചിരുന്നു. മൂന്ന് സിപിഎം. പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളൊഴിഞ്ഞസ്ഥലത്തെ നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ ടെറസിൽ വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്ഫോടനം.

അതേസമയം, വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ ശനിയാഴ്ച സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. ബോംബ് നിർമ്മാണത്തിനിടെ സിപിഎം. പ്രവർത്തകൻ മരിച്ച സംഭവമുണ്ടായ സാഹചര്യത്തിലാണ് യു.ഡി.എഫ്. സമാധാന റാലി നടത്തുന്നത്. സിപിഎം. നേതാക്കളുടെ അറിവോടെയാണ് പ്രദേശത്ത് ബോംബ് നിർമ്മാണം നടക്കുന്നതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

പാവപ്പെട്ട പാർട്ടി പ്രവർത്തകരെ ചുമരെഴുതാൻ വിട്ടിട്ട് ക്രിമിനൽസംഘങ്ങളുമായി നേതാക്കൾ ബന്ധം പുലർത്തുകയാണ്. സിപിഎം. നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവവുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു പാർട്ടി സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടവരെ പാർട്ടി നേരത്തേ തള്ളിപ്പറഞ്ഞിരുന്നതാണെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.