ന്യൂഡൽഹി: നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ വിവിധയിടങ്ങളിലടക്കം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ വൻ റാക്കറ്റ് പിടിയിൽ. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും ഹരിയാനയിലുമായി സിബിഐ നടത്തിയ റെയ്ഡിൽ കേശവപുരത്തെ ഒരു വീട്ടിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.

രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകൾ സജീവമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൈക്കുഞ്ഞുങ്ങളെ വിൽക്കുന്നതിനെക്കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിൽ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. രക്ഷിതാക്കളിൽനിന്നും വാടക അമ്മമാരിൽനിന്നും കുഞ്ഞുങ്ങളെ വാങ്ങിയശേഷം നാല് മുതൽ 6 ലക്ഷം രൂപവരെ വിലയ്ക്ക് വിൽക്കുകയായിരുന്നു. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികൾക്ക് പങ്കുള്ളതായി സിബിഐ വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി.

കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉൾപ്പെടെ കേസുമാസി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനം. ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളിലൂടെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന, ഇന്ത്യയിലുടനീളമുള്ള കുട്ടികളില്ലാത്ത ദമ്പതികളുമായി ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേശീയ തലസ്ഥാന മേഖലയിൽ കുട്ടികളെ കടത്തുന്നതിൽ ഉൾപ്പെട്ട വ്യക്തികളെ സിബിഐ അറസ്റ്റ് ചെയ്തുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഏകദേശം 10 കുട്ടികളെ വിൽപ്പന നടത്തിയെന്നാണ് സിബിഐ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിലേക്ക് സിബിഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. പല പ്രധാന ആശുപത്രികളിലും പരിശോധന നടത്തിവരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ നിരവധി ആളുകളെ സി ബി ഐ ചോദ്യം ചെയ്ത് വരുകയാണ്. നവജാത ശിശുക്കളെ വ്യാപകമായി കരിഞ്ചന്തയിലൂടെ വിൽക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു സിബിഐയുടെ റെയ്ഡ്.

ഏഴ് ഇടങ്ങളിൽ റെയ്ഡ് നടത്തിയതായി സി ബി ഐ അറിയിച്ചു. ആവശ്യക്കാരുമായി ഇവർ ബന്ധപ്പെട്ടത് സാമൂഹിക മാധ്യമങ്ങൾ വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു നവജാത ശിശുവിനായി 4 മുതൽ 6 ലക്ഷം രൂപ വരെ ഇവർ വാങ്ങിയിരുന്നതായും സി ബി ഐ പറഞ്ഞു. അറസ്റ്റിലായവരിൽ ഒരു ആശുപത്രി വാർഡ് ബോയിയും നിരവധി സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം പത്ത് കുട്ടികളെയാണ് ഇക്കൂട്ടർ വിൽപ്പന നടത്തിയത്. ഡൽഹിക്ക് പുറത്തും സിബിഐ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആശുപത്രികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. നവജാത ശിശുക്കളെ നാല് മുതൽ അഞ്ച് ലക്ഷം രൂപയ്ക്ക് വരെയാണ് വിൽപ്പന നടത്തുന്നത്.

നവജാത ശിശു വിൽപ്പന കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ എട്ട് പേരെ ഡൽഹിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 മുതൽ 15 ദിവസം വരെ പ്രായമായ കുഞ്ഞുങ്ങളെയാണ് ഇവരിൽ നിന്ന് രക്ഷപെടുത്തിയത്. ഇവർ ഡൽഹി, പഞ്ചാബ് സ്വദേശികളാണ്. ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ആൾത്താമസം കുറഞ്ഞ സ്ഥലങ്ങളിലെ വീടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും പൊലീസിന് വെല്ലുവിളിയാണ്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന അന്തർ സംസ്ഥാന മനുഷ്യക്കടത്ത് സംഘമാണിതെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായത്.

ഫെബ്രുവരിയിൽ നടത്തിയ അന്വേഷണത്തിൽ പഞ്ചാബിൽനിന്ന് 50000 രൂപയ്ക്ക് പെൺകുഞ്ഞിനെ വാങ്ങിയതായി തെളിഞ്ഞിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഡൽഹിയിൽ അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ മുമ്പ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കീഴിൽ മനുഷ്യക്കടത്ത് കേസിൽ ഉൾപ്പെട്ടിരുന്നു.

സാമ്പത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് കുട്ടികളെ വാങ്ങി മെട്രോപൊളിറ്റൻ നഗരങ്ങളിൽ 10 മുതൽ 15 ലക്ഷം രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. പഞ്ചാബിലെ ഫാസിൽക പോലുള്ള ദരിദ്ര ജില്ലകളിൽ നഴ്സുമാരുടെയും ഡോക്ടർമാരുടെയും ശൃംഖല സ്ഥാപിച്ച ശേഷമാണ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്. ഒന്നിലധികം പെൺമക്കളുള്ള കുടുംബങ്ങൾ, അനാവശ്യ ഗർഭധാരണം നടത്തിയ സ്ത്രീകൾ, കുട്ടിയെ വളർത്താൻ കഴിയാത്തത്ര ദരിദ്രരായ കുടുംബങ്ങൾ എന്നിവരെയാണ് റാക്കറ്റ് ലക്ഷ്യമിടുന്നത്. ആൺകുട്ടിയാണെങ്കിലോ വെളുത്ത നിറം കൂടുതലാണെങ്കിലോ കൂടുതൽ വില ലഭിക്കും.