കണ്ണൂർ: പാനൂരിലെ ബോബ് നിർമ്മാണത്തിലും സ്ഫോടനത്തിലും പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. ആവർത്തിക്കുമ്പോഴും കുരുക്കായി യുവനേതാക്കളുടെ അറസ്റ്റ്. ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ. നേതാക്കളും സിപിഎം വൊളന്റിയർ ക്യാപ്റ്റനുമുണ്ട്. അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർ നിലവിൽ ഡിവൈഎഫ്ഐയുടെ ഭാരവാഹികളാണ്.

ഇപ്പോഴും ഡിവൈഎഫ്ഐ.യിൽ ഭാരവാഹിത്വം ഉള്ള ആളുകൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും അവരുടെ അറസ്റ്റ് അടക്കം രേഖപ്പെടുത്തുകയും ചെയ്തതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലാണ്. അറസ്റ്റിലായ സായൂജ് ഡിവൈഎഫ്ഐ. യൂണിറ്റ് സെക്രട്ടറിയാണ്. ഒളിവിലുള്ള പ്രതി ഷിജാൽ ഡിവൈഎഫ്ഐ. കൂത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്.

കേസുമായി ബന്ധപ്പെട്ട് 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആറ് പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അമൽ ബാബു സിപിഎമ്മിന്റെ കുന്നോത്ത് പറമ്പിലെ വൊളന്റിയർ ക്യാപ്റ്റനാണ്. അമൽ ബാബു നേരത്തെ ഡിവൈഎഫ്ഐയുടെ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഇനി അറസ്റ്റിലാകാനുള്ളത് ഷിജാലാണ്. അറസ്റ്റിലായ അതുൽ കുന്നോത്ത് പറമ്പ് ഡിവൈഎഫ്ഐ. യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്നു.

ടി.പി. വധക്കേസിലെ പ്രതി കുന്നോത്ത്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബുവുമായി അടുത്ത ബന്ധമുള്ള ആളാണ് ഷിജാൽ. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻലാൽ (25), കുന്നോത്ത് പറമ്പത്ത് കിഴക്കയിൽ കെ. അതുൽ (28), ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്ത് പറന്പത്ത് ചിറക്കണ്ടിമ്മൽ സി. സായൂജ് (24) എന്നിവരെ ശനിയാഴ്ച അറസ്റ്റു ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തിൽ മരിച്ച എലിക്കൊത്തിന്റെവിട ഷരിൽ (31) ഉൾപ്പെടെ കേസിൽ 12 പ്രതികളാണുള്ളത്.

അമൽ ബാബു സ്‌ഫോടനം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നും മിഥുൻ ബെംഗളൂരുവിൽ നിന്നും ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രാത്രി സ്ഥലത്തുണ്ടായിരുന്നവരിൽ മരിച്ച ഷെറിൽ, ഗുരുതര പരിക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവരുൾപ്പെടെ തിരിച്ചറിഞ്ഞ എല്ലാവരും സിപിഎം അനുഭാവികളാണ്.

നിരവധി ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള ഇവരെ തെരഞ്ഞെടുപ്പ് കാലത്ത് നിരീക്ഷിക്കുന്നതിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് വ്യക്തമാവുകയാണ്. ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനമെന്ന് തെളിഞ്ഞിട്ടും എന്തിന് വേണ്ടി, ആർക്ക് വേണ്ടി എന്നതിൽ ഇനിയും ഉത്തരമില്ല. അന്വേഷണത്തിലെ പൊലീസിന്റെ മെല്ലെപ്പോക്കിലും വിമർശനമുയർന്നു.

എന്നാൽ മൂളിയാന്തോട് ക്രിമിനൽ സംഘം ബോബുണ്ടാക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചുവെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. ഇന്റലിജൻസ് റിപ്പോർട്ടിനെ കുറിച്ച് അറിവില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്‌ഫോടനമുണ്ടായ പ്രദേശത്ത് ഇന്നും പൊലീസ് പരിശോധനയുണ്ട്. പരിക്കേറ്റ വിനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഷബിൻലാൽ നൽകിയ സൂചനപ്രകാരം നൽകിയ തിരച്ചിലിൽ വീടിന്റെ പരിസരത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിൽ 7 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. 10 പേർ ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തുവെന്നാണു പൊലീസ് നൽകുന്ന സൂചന. ഒളിവിൽ കഴിയുന്ന 2 പേരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരിൽ ഷിജാൽ എന്നയാളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലുള്ള വിനീഷുമാണ് ബോംബ് നിർമ്മാണത്തിന്റെ സൂത്രധാരന്മാരെന്നു പൊലീസ് സൂചിപ്പിക്കുന്നു. ഷിജാലിനെ പിടികൂടിയാലേ ബോംബ് നിർമ്മിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകൂ. വിനോദ്, അശ്വന്ത് എന്നിവരാണ് ചികിത്സയിലുള്ള മറ്റു രണ്ടുപേർ.

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. ഷെറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ സമാധാന സന്ദേശ യാത്ര നടത്തി. പാനൂർ പൊലീസ് സ്റ്റേഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ നടന്ന യാത്രയിൽ കെ.കെ.രമ എംഎൽഎയും പങ്കെടുത്തു.