തിരുവനന്തപുരം : ഡ്യൂട്ടിക്ക് പോകുന്നതിനിടെ പൊലീസുകാരന് നടുറോഡിൽ ക്രൂര മർദ്ദനം. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സിജു തോമസിനാണ് മർദ്ദനമേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് പറയുന്നു.

മുഖത്ത് ചോരവാർന്ന നിലയിൽ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ചാലയ്ക്ക് അടുത്ത് ആര്യശാലയിലായിരുന്നു സംഭവം.കൊട്ടാരക്കര സ്വദേശിയായ സിജു ബൈക്കിൽ സ്റ്റേഷനിലേക്ക് വരികയായിരുന്നു.ആര്യശാലയ്ക്ക് സമീപം ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിലായി.തുടർന്ന് സ്റ്റേഷനിലേക്ക് വരുന്നതിനിടെ പിന്നാലെയെത്തിയ സംഘം വാഹനം തടഞ്ഞു നിറുത്തി മർദ്ദിക്കുകയായിരുന്നു. ക്രൂര മർദ്ദനാണ് ഉണ്ടായത്. മയക്കു മരുന്ന് മാഫിയയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് നിഗമനം.

ഹെൽമെറ്റ് ഉൾപ്പെടെ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ഇടിച്ചു. ചാല പ്രദേശത്ത് പതിവായി പട്രോളിംഗിന് പോകുന്ന സംഘത്തിലുൾപ്പെട്ടയാളാണ് സിജു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരെല്ലാം ഒളിവിൽ പോയി. ചാല മാർക്കറ്റിനുള്ളിൽ സംഘം ചേർന്ന് പ്രവർത്തിക്കുന്നവകാണ് പ്രതികൾ.

ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.