- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിരപരാധികളായ ഡിവൈഎഫ്ഐ നേതാക്കളെ പ്രതികളാക്കുന്നുവെന്ന വാദം തള്ളി പൊലീസ്
കണ്ണൂർ: പാനൂർ സ്‌ഫോടനകേസിൽ ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിനെത്തിയ നിരപരാധികളായ ഡിവൈഎഫ്‌ഐ നേതാക്കളെയടക്കം പ്രതികളാക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം തള്ളി തെളിവുകൾ നിരത്തി പൊലീസ്. അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് അമൽ ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതടക്കം ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരായ തെളിവുകൾ നിരത്തിയാണ് റിമാൻഡ് റിപ്പോർട്ട്.
സിപിഎമ്മിന്റെ കുന്നോത്ത് പറമ്പിലെ വൊളന്റിയർ ക്യാപ്റ്റനാണ് അമൽ ബാബു. നേരത്തെ ഡിവൈഎഫ്ഐയുടെ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. സ്‌ഫോടനം നടന്ന ഉടനെ അമൽ സംഭവസ്ഥലത്തെത്തി. പ്രദേശത്തുണ്ടായിരുന്ന മറ്റു ബോംബുകൾ 200 മീറ്റർ അകലെ ഒളിപ്പിച്ചുവച്ചു. കൂടാതെ സംഭവസ്ഥലത്ത് മണൽ കൊണ്ടുവന്നിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബോംബ് നിർമ്മിച്ചവരുമായി ഇയാൾ ഫോണിൽ ആശയവിനിമയം നടത്തിയത് സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പാനൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലടക്കം പിടിയിലായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ പാലക്കാട് വച്ചാണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി അക്ഷയ്യും പിടിയിലായി. കേസുമായി ബന്ധപ്പെട്ട് 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതോടെ കേസിൽ എട്ടുപേരാണ് പിടിയിലായിരിക്കുന്നത്.
സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമില്ലെന്നാണ് സിപിഎം നേതാക്കൾ ഇന്നും ആവർത്തിച്ചത്. മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമുൾപ്പെടെ ഈ നിലപാടിലായിരുന്നു. എന്നാൽ ഷിജാൽ പിടിയിലായതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിനെത്തിയ ഡിവൈഎഫ്ഐ സഖാവിനേയാണ് പൊലീസ് പ്രതിചേർത്തതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നൽകാനുംവേണ്ടി പ്രവർത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ പ്രവർത്തകനാണ്. ഇപ്പോൾ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോൾ പൊലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാനൂർ കൈവേലിക്കൽ മുളിയാത്തോട് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. നേരത്തെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത സായൂജ് ഡിവൈഎഫ്‌ഐ കടുങ്ങാംപൊയിൽ യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ബോംബ് നിർമ്മാണത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണെന്ന പൊലീസ് കണ്ടെത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ അറസ്റ്റ്. പ്രദേശത്ത് അപ്രമാദിത്വം സ്ഥാപിക്കാനാണ് ബോംബ് നിർമ്മിച്ചതെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴിയെന്ന് പൊലീസ് പറയുന്നു. എന്നാൽ സംഭവത്തിൽ സിപിഎമ്മിനെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം വാദങ്ങളെന്ന വിമർശനം ശക്തമാണ്.
ഏറെക്കാലമായി സമാധാനത്തിൽ കഴിയുന്ന കണ്ണൂരിൽ സിപിഎം നേതൃത്വത്തിൽ നടക്കുന്ന ആയുധ സംഭരണത്തിന്റെ വിവരങ്ങളാണ് ഇതോടെ മറനീക്കി പുറത്തുവരുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിലിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചതും വിവാദമായിരുന്നു.
കഴിഞ്ഞദിവസമാണ് പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോടിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തിൽ സിപിഎം. പ്രവർത്തകനായ എലിക്കൊത്തിന്റെവിട ഷരിൽ(31) മരിച്ചിരുന്നു. മൂന്ന് സിപിഎം. പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളൊഴിഞ്ഞസ്ഥലത്തെ നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ ടെറസിൽ വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്ഫോടനം.