- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എല്ലാത്തിനും പിന്നീൽ ആ മൂന്ന് പേർ മാത്രം; അന്വേഷണം അവസാനിപ്പിക്കും
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മരിച്ച നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മരണത്തിലെ അന്വേഷണം അവസാനിപ്പിക്കും. സാത്താൻ സേവ അടക്കമുള്ള ബാഹ്യ ഘടകങ്ങളിലേക്ക് അന്വേഷണം പോകില്ല. ഇവരുടെ മരണത്തിന് പിന്നിൽ കൂട്ടാളികളില്ലെന്നും മൂവരും വിചിത്രമായ മാനസികാവസ്ഥയിൽ മരണം തിരഞ്ഞെടുത്തതാണെന്നും പൊലീസ് കണ്ടെത്തി.
മൂന്നു പേരും ഉപയോഗിച്ചിരുന്ന എല്ലാ ഇമെയിൽ ഐഡികളിലെയും മൊബൈൽ ഫോണിലെയും ആശയവിനിമയങ്ങൾ കണ്ടെത്തിയ ശേഷമാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ ഡിസിപി നിഥിൻ രാജ് വ്യക്തമാക്കി. ഫലത്തിൽ അന്വേഷണം പൂർണ്ണമായും അവസാനിപ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പോലും ഉണ്ടാകില്ല. സാത്താൻ സേവാ സംഘത്തിലേക്ക് അന്വേഷണം പോകുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകൾ. പിന്നീട് അത് പൊലീസ് വേണ്ടെന്ന് വച്ചു.
നവീൻ തോമസ് പഠിക്കുമ്പോൾ തന്നെ ഇത്തരം ചിന്തകളിൽപെട്ടിരുന്നു. ഇത് നവീൻ തോമസിന്റെ അടുപ്പമുള്ളവരോടു പറഞ്ഞ് അവരെ ആകർഷിക്കുന്നതിനും ശ്രമിച്ചിരുന്നു. ലോകാവസാനത്തെക്കുറിച്ച് എപ്പോഴും വാദിച്ചിരുന്നു. പ്രളയസമയത്തും കോവിഡ് സമയത്തും താൻ പറഞ്ഞതിലേക്ക് ലോകം എത്തുന്നുവെന്ന് വാദിക്കാനും ശ്രമിച്ചിരുന്നുവെന്ന് പൊലീസിനോട് നവീൻ തോമസിന്റെ സുഹൃത്തുക്കൾ പറഞ്ഞു. നവീനും ദേവിയും ആര്യയുമായി ബന്ധമുള്ള 30 പേരെ പൊലീസ് പലപ്രാവശ്യം കണ്ട് സംസാരിച്ചിരുന്നു. ഇതിൽ നിന്നാണ് നിഗമനത്തിൽ എത്തിയത്. ഈ വിചിത്ര വാദം അറിഞ്ഞിട്ടും ആരും പൊലീസിനേയോ മറ്റോ അറിയിക്കാത്തതും ദുരൂഹമാണ്.
മെഡിറ്റേഷനു പോകുന്നതിന് ദേവിയെയും ആര്യയെയും നിർബന്ധിച്ചതും നവീനാണ്. ഇതിനായി മറ്റു സംസ്ഥാനങ്ങളിലെ ഉയർന്ന സ്ഥലങ്ങളിലേക്ക് പലപ്പോഴും മൂന്നു പേരും യാത്ര ചെയ്തു. ഇതിലൊന്നും ആര്യയും ദേവിയും ദുരൂഹത കണ്ടില്ലെങ്കിലും നവീൻ തങ്ങൾ മുന്നുപേരുമല്ലാതെ മറ്റൊരാൾ ഇത് അറിയാതിരിക്കാൻ ശ്രദ്ധിച്ചുവെന്നും പൊലീസ് പറയുന്നു. ഡോൺ ബോസ്‌കോ മെയിലിലും പൊലീസിന് ദുരൂഹതകൾ കാണാനാകുന്നില്ല. ഇത് ആര്യയുടേതാണെന്നും പറയുന്നു. പത്തുകൊല്ലമുമ്പാണ് ഈ മെയിൽ ഐഡി ഉണ്ടാക്കിയതെന്നാണ് പൊലീസ് പറഞ്ഞു വയ്ക്കുന്നത്.
മൂന്നുപേർക്കും മാനസിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായും മൂന്നുപേരുടെയും മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറയുന്നു. ഹോട്ടൽ മുറിയിൽവച്ച് കൈ ഞരമ്പ് മുറിക്കാൻ മൂന്നുപേരും സ്വയം സന്നദ്ധരാകുകയായിരുന്നു. മരണാനന്തര ജീവിതത്തിലേക്കു പോകാനുള്ള ആശയങ്ങൾ വിശദീകരിച്ച് അഞ്ചോളംപേരെ നവീൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. ഇവരാരും നവീനൊപ്പം അരുണാചൽ യാത്രയ്ക്കു തയാറായില്ല. ആര്യയാണ് ഡോൺ ബോസ്‌കോ എന്ന പേരിൽ മെയിൽ ഐഡി നിർമ്മിച്ചതെന്ന് സ്ഥിരീകരിച്ചു.
ഡോൺ ബോസ്‌കോ എന്ന പേരിലുള്ള മെയിൽ ഐഡിയിൽനിന്ന് ആര്യ തന്റെ മെയിൽ ഐഡിയിലേക്കു നിരവധി തവണ മെയിൽ അയച്ചിട്ടുണ്ട്. തന്നോടു തന്നെ ആശയവിനിമയം നടത്തുന്ന രീതിയിലാണ് ആര്യ ഇതു ചെയ്തിരിക്കുന്നത്. പത്തു വർഷമായി ഈ മെയിൽ ഐഡി രൂപീകരിച്ചിട്ട്. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ച്, ഡോൺ ബോസ്‌കോ എന്നയാൾ മറ്റൊരാളാണെന്നു കാലക്രമേണ ആര്യ വിശ്വസിച്ചിരിക്കാമെന്നു പൊലീസ് പറയുന്നു.
ഡയറിക്കുറിപ്പുകൾ എഴുതുന്നതുപോലെയാണു ഡോൺ ബോസ്‌കോ എന്ന മെയിലിൽനിന്നു തന്റെ മെയിലിലേക്ക് ആര്യ സന്ദേശങ്ങൾ അയച്ചിരുന്നത്. നവീനിനും ദേവിക്കും ഇമെയിൽ ഐഡിയിൽനിന്ന് സന്ദേശം പോയിട്ടില്ല.