കോയമ്പത്തൂർ: അച്ഛന്റെ കാമുകിയെ കഴുത്തറത്തുകൊലപ്പെടുത്തിയ കേസിൽ 16-കാരൻ അറസ്റ്റിൽ. കോയമ്പത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ അവിനാശിയിലെ മുത്തശ്ശിയുടെ വീട്ടിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളും കാമുകിയായ കനകയും അന്നൂരിലെ വീട്ടിലാണ് താമസം. ശനിയാഴ്ച രാത്രി ഇവിടേക്കെത്തിയ 16-കാരൻ കനകയെ കഴുത്തറത്തുകൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വയറിലും കുത്തേറ്റിട്ടുണ്ട്.

മത്സ്യവില്പനക്കാരനാണ് 16-കാരന്റെ അച്ഛൻ. ഇയാളുടെ ഭാര്യയും രണ്ട് ആൺമക്കളും അന്നൂരിലെ തന്നെ മറ്റൊരു വീട്ടിലാണ് താമസം. ഭാര്യയും മൂത്തമകനായ 16-കാരനും ഇയാളുടെ മത്സ്യവിൽപ്പന കേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഇവിടെവെച്ച് ഇയാൾ ഭാര്യയെയും മകനെയും മർദിക്കുന്നത് പതിവായിരുന്നു. അമ്മയെയും തന്നെയും മർദിക്കാൻ പ്രേരിപ്പിക്കുന്നത് അച്ഛന്റെ കാമുകിയാണെന്നായിരുന്നു 16-കാരന്റെ ധാരണ. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി മത്സ്യവിൽപ്പന കേന്ദ്രത്തിൽനിന്ന് കത്തിയും കൈയിലെടുത്താണ് 16-കാരൻ അച്ഛനും കാമുകിയും താമസിക്കുന്ന വീട്ടിലെത്തിയത്. സംഭവസമയം കനക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് പ്രതി യുവതിയെ ആക്രമിക്കുകയും കത്തി കൊണ്ട് കഴുത്തറത്തുകൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ 16-കാരൻ നാട്ടിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഇയാൾ വീട്ടിലെത്തിയപ്പോഴാണ് കനകയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കനകയുടെ മൃതദേഹം. ഉടൻതന്നെ സമീപവാസികളെയും അന്നൂർ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മത്സ്യവിൽപ്പനക്കാരന്റെ മൂത്തമകനെ കാണാനില്ലെന്ന് വ്യക്തമായത്.

തുടർന്ന് അവിനാശിയിലെ മുത്തശ്ശിയുടെ വീട്ടിൽനിന്ന് 16-കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ലക്ഷ്മി മിൽസ് ജങ്ഷനിലെ ജുവനൈൽഹോമിലേക്ക് മാറ്റി.