- Home
- /
- News
- /
- INVESTIGATION
നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ രേഖ പി ഹരി ഒടുവിൽ അഴിക്കുള്ളിൽ
- Share
- Tweet
- Telegram
- LinkedIniiiii
കോഴഞ്ചേരി: വിവാഹ - സാമ്പത്തിക തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ, ജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന യുവതി ഒടുവിൽ അഴിക്കുള്ളിൽ. ചെന്നീർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി.ഹരി (44)യെയാണ് ആറന്മുള പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. 2013ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ്വീകരിച്ചുവരവേയാണ് ഇവർ പിടിയിലായത്.
തഴവ സ്വദേശിയായ ഇവർ രേഖ പി. എന്നും രേഖ എന്നും പേരുകളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ ഇവരുടെ പേരിൽ ഉണ്ട്. രണ്ട് വർഷമായി എറണാകുളത്ത് ഒരു ഫ്‌ളാറ്റിൽ താമസിച്ചശേഷം ഇൻഫോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടരക്കോടിയോളം രൂപ ആളുകളിൽനിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പൊലീസ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ അജയൻ, എസ്‌ഐ. റസീന, മുബാറക് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തുനിന്ന് പിടികൂടിയത്.എറണാകുളത്ത് താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് രേഖയെന്ന് പൊലീസ് പറഞ്ഞു.
ഇവളുടെ ആദ്യ ഭർത്താവ് അഭിഭാഷകനായിരുന്നു. ഇയാളുമായുള്ള ബന്ധം പിരിഞ്ഞ ശേഷം അഞ്ചിലേറെ പേരെ വിവാഹം ചെയ്തതായാണ് വിവരം. നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായും പരാതി ഉയർന്നിരുന്നു. മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലടക്കം പ്രതിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാക്കളുമായി ബന്ധം സ്ഥാപിച്ച ശേഷം ഇവരെ വിവാഹ തട്ടിപ്പിന് ഇരയാക്കി പണം തട്ടിയെന്ന പരാതി ഉയർന്നിരുന്നു.
നേരത്തെ യുവതിയെയും മകനെയും കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പത്തനംതിട്ട പൊലീസ് അന്വേഷണം നടത്തുകയും മറ്റൊരു യുവാവിനൊപ്പം തെന്മലയിലെ റിസോർട്ടിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ തിരുവല്ല മുത്തൂർ സ്വദേശിയായ യുവാവിനെതിരെ ആരോപണം ഉന്നയിക്കുകയും യുവാവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പാണ് യുവതിയെ പരിചയപ്പെട്ടതെന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുത്തൂർ സ്വദേശിയായ യുവാവ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടർന്ന് മുളമൂട്ടിൽ ഫിനാൻസിൽ നിന്നും മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ യുവതിക്കെതിരെ പരാതിയുമായി ഫിനാൻസ് ഉടമ രംഗത്ത് വന്നിരുന്നു. പിന്നാലെ യുവതി നടത്തിയ തട്ടിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി നിരവധിപേർ രംഗത്ത് വന്നിരുന്നു.