- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം വീണാ വിജയൻ എന്ന് വ്യക്തം. അതിവേഗം മാസപ്പടിയിലെ അന്വേഷണം എക്‌സാലോജിക് കമ്പനിയിൽ എത്തിക്കാനാണ് നീക്കം. നേരിട്ടു ഹാജരാകാൻ മടിച്ച സിഎംആർഎൽ എംഡി ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം അതിവേഗം ഉണ്ടാകുമെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് ഏത് ദിവസം വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയേക്കും.
കേസെടുത്തു മൂന്നാഴ്ചയ്ക്കകം സിഎംആർഎലിലെ പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു. നോട്ടിസ് നൽകിയിട്ടും ഹാജരാകാതിരുന്ന കർത്തായ്ക്കു രണ്ടാമതു നോട്ടിസ് നൽകിയതിനു പിന്നാലെ വീട്ടിലെത്തി ചോദ്യം ചെയ്തു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ഡൽഹി ഹൈക്കോടതിയിലും സിഎംആർഎൽ ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതിവേഗ നടപടികൾ. സിഎംആർഎലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്നതാണ് ഇ.ഡിയുടെ പ്രധാന അന്വേഷണ വിഷയം. ഇന്നും സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരും.
കർത്തയുടെ മൊഴി എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ ചോദ്യം ചെയ്തേയ്ക്കും എന്നാണ് സൂചന. വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകുമെന്നാണ് സൂചന. വീണാ വിജയന്റെ എക്സാലോജിക് സൊലൂഷൻസും സി.എം.ആർ.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുണ്ടെന്ന നിഗമനത്തിൽ ഇഡി എത്തിയിട്ടുണ്ട്. സി.എം.ആർ.എലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ഇപ്പോഴത്തെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കിൽ അതും കണ്ടെത്താനാണ് ശ്രമം.
ഇ.ഡി സംഘം സിഎംആർഎൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായുടെ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സൂക്ഷിച്ചിരിക്കുന്നതു ശശിധരൻ കർത്തായാണ് എന്ന കമ്പനി ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇന്നലെ ഉച്ചയ്ക്ക് 1.15നു വീട്ടിൽ എത്തിയത്. ഇ.ഡിയുടെ നീക്കങ്ങൾക്കെതിരെ ശശിധരൻ കർത്താ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു പലപ്പോഴായി 1.72 കോടി രൂപ നൽകിയതു സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയാനാണു ശശിധരൻ കർത്തായ്ക്കു സമൻസ് അയച്ചത്.
ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്‌ഐഒ) അന്വേഷിക്കുന്നുണ്ട്. ഇ.ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണു കേസന്വേഷണം നടക്കുന്നത്. സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്‌കുമാർ, ചീഫ് ജനറൽ മാനേജർ പി.സുരേഷ്‌കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റെയ്ച്ചൽ കുരുവിള, കാഷ്യർ വാസുദേവൻ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇത് ഇന്നും തുടരും.
എക്‌സാലോജിക്കിനു പണം നൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെക്കാൾ വിവരങ്ങൾ അറിയാവുന്നതു മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായ്ക്കാണെന്ന മൊഴിയാണ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. സിഎംആർഎല്ലിന്റെ ഉന്നത ബന്ധം വ്യക്തമാക്കുന്ന മൊഴികളുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ മുൻപ് ശശിധരൻ കർത്തായെ വീട്ടിൽ സന്ദർശിച്ചിട്ടുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും എക്‌സാലോജിക്കിനെതിരെ നടപടികൾ ഉണ്ടാകുമെന്നാണ് ഇഡി നൽകുന്ന സൂചന.