- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂർ സൈബർ പൊലീസ് നടത്തിയത് നിർണ്ണായക നീക്കം; രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂരിൽ പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണികളായ രണ്ടു പേർ അറസ്റ്റിലാകുന്നത് പൊലീസിന്റെ നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ. കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയുടെ മോർഫ് ചെയ്ത നഗന് ചിത്രം സൃഷ്ടിച്ച് ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് വിവിധ വാട്സാപ്പ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചു കൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ച കേസിലാണ് നാട്ടുകാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായത്.
ചെറുവാഞ്ചേരി സ്വദേശിയായ രാഹിത്ത് (24), കണ്ണൂർ താണ സ്വദേശിനി പ്രജിന എന്ന ഷിൽന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികൾ വടക്കെ മലബാറിലെ പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളുടെ ഫോട്ടോ ലൈംഗിക തൊഴിലാളികൾ എന്ന വിധത്തിൽ പല ആളുകൾക്കും വാട്സപ്പ് വഴി അയച്ചതായും കണ്ടെത്തി.
ആവശ്യക്കാർ വാട്സപ്പിലൂടെ സ്ത്രീകളെ സെലക്ട് ചെയ്യുകയും നിർദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതുമാണ് രീതി. പരാതിക്കാരിയുടെ ഫോട്ടോ വാട്സപ്പ് സ്റ്റാറ്റസായി ഇട്ടത് സ്‌ക്രീൻ ഷോട്ടെടുത്ത് പ്രതികൾ ദുരുപയോഗം ചെയ്യുകയായിരുന്നു. ഫോട്ടോ കണ്ട് താല്പര്യപ്പെട്ട് എത്തുന്നവർക്ക് പരാതിക്കാരിയോട് സാമ്യമുള്ള യുവതിയെ നൽകുകയാണ് ഇടപാടുകാർ ചെയ്തിരുന്നത്.
ഒന്നാം പ്രതി പരാതിക്കാരിയുടെ വീട്ടിൽ കയറിയും അപവാദം പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ ഉത്തരവിട്ടിട്ടുണ്ട്. സൈബർ പൊലീസിന്റെ അതിവേഗ ഇടപെടലുകളാണ് പ്രതികളെ കുടുക്കിയത്.