- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബ്രിട്ടനിൽ ഹൈദരാബാദ് സ്വദേശിക്ക് 16 വർഷത്തെ തടവ്
ലണ്ടൻ: ഇരുപത്തഞ്ചുകാരനായ ഇന്ത്യൻ വംശജന് ബ്രിട്ടീഷ് കോടതി 16 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീറാം അംബാർലക്കാണ് ലണ്ടനിലെ ഓൾഡ് ബേലി കോടതി വധശ്രമത്തിന് ശിക്ഷ വിധിച്ചത്. മുൻ കാമുകിയായ മലയാളി വിദ്യാർത്ഥിനിയെ ഒരു ബിരിയാണി ഹോട്ടലിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കേസ്. പൊതുസ്ഥലത്ത് നിയമവിരുദ്ധമായി ആയുധം കൈവെച്ചതിൻ 12 മാസത്തെ മറ്റൊരു തടവ് ശിക്ഷകൂടി ഇയാൾക്ക് വിധിച്ചിട്ടുണ്ട്. രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
തടവു ശിക്ഷക്ക് പുറമെ, ജീവിതകാലം മുഴുവൻ, ഇരയുമായി ബന്ധപ്പെടുന്നതിനും കോടതി വിലക്കു കൽപിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു കോളേജിൽ വെച്ച് പരിചയപപെട്ട ഇരുവരും തമ്മിൽ 2017 മുതൽ ബന്ധത്തിലായിരുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് ബന്ധം തകരുകയായിരുന്നു. തുടർന്ന് ഇരുവരും 2022 ഫെബ്രുവരിയിൽ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ മാസ്റ്റേഴ്സ് പഠനത്തിനെത്തി.
2022 മാർച്ച് 25 ന് ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല റെസ്റ്റോറന്റിൽ വെച്ച് വിദ്യാർത്ഥിനിയെ ആക്രമിക്കുന്നതിനു മുൻപായി, ഒരു മനുഷ്യനെ തത്കഷണം എങ്ങനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താം എന്നതിനെ കുറിച്ച് ഇയാൾ ഗൂഗിളിൽ തിരഞ്ഞതായി കോടതിയിൽ ബോധിപ്പിച്ചു. അതുപോലെ ഒരു വിദേശി ബ്രിടനിൽ വെച്ച് ആരെയെങ്കിലും കൊലപ്പെടുത്തിയാൽ എന്ത് സംഭവിക്കും എന്നതും ഇയാൾ ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
രണ്ട് വർഷത്തോളം തങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞിരുന്നു. ശാരീരികമായി ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നത്രെ. അക്രമം നടക്കുന്നതിനും മുൻപ് തന്നെ ഇരുവരും തമ്മിൽ പിരിഞ്ഞിരുന്നതായും യുവതി പൊലീസിനോട് വെളിപ്പെറ്റുത്തിയിരുന്നു.
അക്രമം നടക്കുന്നതിന്റെ തലേന്ന് ഇയാൾ യുവതി ജോലി ചെയ്തിരുന്ന സ്ഥ്‌ലത്ത് പോയിരുന്നു. പിന്നീട് രാത്രി ഏറെ വൈകി യുവതിയുടെ താമസ സ്ഥലത്ത് എത്തിയ ഇയാൾ ഉള്ളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാളെ പുറത്താക്കുകയും പൊലീസിനെ വിളിക്കും എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും പിറ്റേന്ന് ഇയാൾ തിരിച്ചെത്തി ഫ്‌ളാറ്റിന്റെ ജനലുകൾ തകർത്തു.
യുവതിക്കൊപ്പം താമസിച്ചിരുന്നവരിൽ ഒരാൾ ഇയാളെ മർദ്ദിക്കുകയും അവിടെനിന്ന് ഇറക്കി വിടുകയുമായിരുന്നു. അതിന് ശേഷമായിരുന്നു ഇയാൾ, യുവതി പാർട്ട് ടൈം ജോലി ചെയ്തിരുന്ന ഹൈദരാബാദ് വാല റെസ്റ്റോറന്റിൽ എത്തുന്നത്. അയാളുടെ അടുത്തെത്തിയ യുവാതി അയാളെ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. യുവതി ജീവിതകാലം മുഴുവൻ അവിവാഹിതയായി തുടരണമെന്നായിരുന്നു അപ്പോൾ അയാൾ ആവശ്യപ്പെട്ടത്. യുവതി അത് നിരസിച്ചതിനെ തുടർന്ന് അയാൾ അവരെ കുത്തുകയായിരുന്നു.
ഭയവിഹ്വലരായ ഉപഭോക്താക്കളുടെ മുന്നിൽ വെച്ച് ഒൻപത് തവണയാണ് ഇയാൾ യുവതിയെ കുത്തിയത്. കുത്തേറ്റ് നിലത്ത് വീണ യുവതിയെ അക്രമി വീണ്ടും കുത്തുകയായിരുന്നു. രക്ഷിക്കാൻ എത്തിയ മറ്റു ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം, കത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കഴുത്തിലെ 10 ഇഞ്ച് ആഴത്തിലുള്ള മുറിവുൾപ്പടെ നിരവധി മുറിവുകൾ ഏറ്റ യുവതിക്ക് ആറ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു. നെഞ്ചിലും, കൈകളിലും വയറിലും മുതുകിലും കുത്തേറ്റിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിൽ തന്നെ വധശിക്ഷ വിധിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുവാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. വിചാരണ വേളയിൽ, അക്രമത്തിന്റെ വീഡിയോ ദൃശ്യം കാണാൻ തുടങ്ങിയപ്പോൾ ഇയാൾ ചുമരിൽ തലയിടിച്ച്, തനിക്കത് കാണാൻ കഴിയില്ലെന്ന് അലറി വിളിച്ചു. ചില മാനസികാരോഗ്യ പ്രശ്നങ്ങളുള്ള പ്രതി ഇന്ത്യയിലോ യു കെയിലോ ഇതിന് മുൻപ് കുറ്റകൃത്യങ്ങളിൽ ഒന്നും തന്നെ ഏർപ്പെട്ടിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷക കോടതിയെ അറിയിച്ചു. മാത്രമല്ല ചെയ്തുപോയ കുറ്റത്തെ ഓർത്തും, ഇന്ത്യയിൽ, കുടുംബത്തിന് വരുത്തിയ മാനഹാനിയോർത്തും അയാൾ പശ്ചാത്തപിക്കുകയാണെന്നും അവരറിയിച്ചു.
എന്നാൽ, ദീർഘകാലമായി ഇരയെ ഭീഷണിപ്പെടുത്തിയിരുന്ന പ്രതി, കുറ്റം കൃത്യം ചെയ്യുന്ന സമയത്ത് സ്വബോധത്തോടെയായിരുന്നു എന്നും, എന്താണ് ചെയ്യുന്നതെന്ന് പ്രതിക്ക് അറിയാാമായിരുന്നു എന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്. മാത്രമല്ല, ആളുകൾ തടയാൻ എത്തിയിട്ടും ഇയാൾ അക്രമം തുടരുകയുമായിരുന്നു എന്നും കോടതി പറഞ്ഞു.