- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലൈംഗികാതിക്രമ പരാതി: സിആർപിഎഫ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടും
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സിആർപിഎഫ്. ഉന്നതോദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടും. സി.ആർ.പി.എഫിലെ ഡി.ഐ.ജിയും ചീഫ് സ്പോർട്സ് ഓഫീസറുമായ ഖജൻ സിങ്ങിനെയാണ് നീക്കുന്നത്. അർജുന പുരസ്കാര ജേതാവ് കൂടിയാണ് ഇയാൾ. ഓഫീസർക്കെതിരെ സിആർപിഎഫ്. അന്വേഷണം നടത്തി യു.പി.എസ്.സിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
രണ്ട് കേസുകളാണ് ഖജൻ സിങ്ങിനെതിരെ രജിസ്റ്റർ ചെയ്തത്. ഇതിൽ ഒന്നിലാണ് അദ്ദഹത്തെ പിരിച്ചുവിട്ടത്. രണ്ടാമത്തെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും തന്റെ സൽപ്പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ചതാണെന്നും നേരത്തേ ഖജൻ സിങ് പ്രതികരിച്ചിരുന്നു.
സി.ആർ.പി.എഫിലെ വനിതാ സേനാംഗങ്ങളാണ് ഖജൻ സിങ്ങിനെതിരെ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ സിആർപിഎഫ്. സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് സിആർപിഎഫ്. യു.പി.എസ്.സിക്കാണ് സമർപ്പിച്ചത്. യു.പി.എസ്.സിയാണ് ഖജൻ സിങ്ങിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കേന്ദ്ര ആഭ്യന്തര വകുപ്പിനോട് നിർദേശിച്ചത്. ഖജൻ സിങ്ങിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സിആർപിഎഫ്. ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
'ആരോപണ വിധേയനായ ഓഫീസർക്കെതിരെ സിആർപിഎഫ്. അന്വേഷണം നടത്തി. അന്വേഷണം പൂർത്തിയാക്കി യു.പി.എസ്.സിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ഇപ്പോൾ യു.പി.എസ്.സി. ശുപാർശ ചെയ്തിരിക്കുകയാണ്. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അംഗീകാരം നൽകി. ഇതനുസരിച്ച് സിആർപിഎഫ്. അദ്ദേഹത്തിന് നോട്ടീസ് നൽകി' -ഉദ്യോഗസ്ഥൻ പറഞ്ഞു.
സിആർപിഎഫ്. ചീഫ് സ്പോർട്സ് ഓഫീസറാകുന്നതിന് മുമ്പ് 1986-ലെ സോൾ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആളാണ് ഖജൻ സിങ്. 200 മീറ്റർ ബട്ടർഫ്ളൈ നീന്തലിലാണ് അദ്ദേഹത്തിന് വെള്ളി മെഡൽ ലഭിച്ചത്. 1951-ന് ശേഷം നീന്തലിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ വെള്ളി മെഡലായിരുന്നു ഇത്. 1984-ലാണ് അദ്ദേഹത്തിന് അർജുന പുരസ്കാരം ലഭിക്കുന്നത്.
നിലവിൽ സി.ആർ.പി.എഫിന്റെ മുംബൈ യൂണിറ്റിലാണ് ഖജൻ സിങ്. പിരിച്ചുവിട്ടതായുള്ള വാർത്തയോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നൽകാൻ അദ്ദേഹത്തിന് 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.